മഹാ വികാസ് അഘാടി സർക്കാർ വീഴുകയും ബിജെപി സഖ്യത്തിൽ ഏകനാഥ് ഷിൻഡെ അധികാരം ഏറ്റെടുക്കുകയും ചെയ്‌തതോടെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അടുത്ത വെല്ലുവിളി വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പാണ്.
ബിഎംസി തെരഞ്ഞെടുപ്പിൽ ഷിൻഡെയുടെ പങ്ക് നിർണായകമാകും. അത് കൊണ്ട് തന്നെ മൂന്ന് പതിറ്റാണ്ടായി ശിവസേന ഭരിച്ചു കൊണ്ടിരിക്കുന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെ ഇക്കുറി നിലനിർത്താനാകുമോ എന്നതാകും താക്കറെയുടെ ആശങ്ക .
നഗരത്തിലെ സിവിൽ തിരഞ്ഞെടുപ്പിന് രണ്ടു മാസം ബാക്കിയുള്ളപ്പോൾ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ മൂന്നിൽ ഒന്ന് എംഎൽഎമാരെയാണ് ഷിൻഡെയുടെ പാളയത്തിലേക്ക് നഷ്ടപ്പെട്ടത്. ഇതിന് പുറകെയെത്തുന്ന തിരഞ്ഞെടുപ്പ് ഉദ്ധവ് സേനയുടെ മാറ്റുരച്ചു നോക്കുന്നതാകും.
അതെ സമയം ശിവസേനയ്ക്ക് ബിഎംസി നിലനിർത്തണമെങ്കിൽ ഇക്കുറി ഒറ്റക്ക് മത്സരിച്ചാൽ സാധിക്കില്ല. എന്നാൽ പുറകിൽ നിന്ന് കുത്തിയ വിമതരുമായി ഒരു ഒത്തുതീർപ്പിനു തൽക്കാലം ഉദ്ധവ് താക്കറെ ശ്രമിക്കില്ല.
2017 ലെ തിരഞ്ഞെടുപ്പിൽ സേന 84 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് 82 സീറ്റുകൾ ലഭിച്ചു. പിന്നീട് എംഎൻഎസിൽ നിന്ന് ആറ് പേരും ചില സ്വതന്ത്രരും ചേർന്നായിരുന്നു ശിവ്സേന ഭരണം ഉറപ്പാക്കിയത്.
ഇത്തവണ ബിജെപി ഷിൻഡെ ക്യാമ്പ് ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കാൻ കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കുക എന്നതാണ് മുൻ മുഖ്യമന്ത്രിക്ക് മുന്നിലുള്ള ഏക വഴി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.