ആക്രമണമല്ല കോൺഗ്രസിന്റെ തത്വശാസ്ത്രമെന്ന് പറയുന്ന രാഹുൽ ഗാന്ധി അതിന്റെ ചരിത്രം മറക്കുകയാണ്. ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സി പി ഐ എമ്മിനെ ബിജെപിയോട് താരതമ്യം ചെയ്ത രാഹുൽ ഗാന്ധി ചരിത്രം ഓർമ്മിക്കണമെന്ന് കെ റഫീഖ്‌പറഞ്ഞു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
ജനാധിപത്യ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പൗരാവകാശ ധ്വംസനം അരങ്ങേറിയത് അടിയന്തിരാവസ്ഥ കാലത്താണ്. അധികാരം നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ കാലത്ത് അരങ്ങേറിയ ഭരണകൂട ഭീകരത ഏതു പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗമാണെന്ന് രാഹുൽ ഗാന്ധി ഒന്ന് ഏറ്റുപറയണം.
ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം അരങ്ങേറിയ സിഖ് കൂട്ടക്കൊല ഇന്ത്യ കണ്ട, ഒരു രാഷ്ട്രീയ പാർട്ടി നേതൃത്വം നൽകിയ ആദ്യത്തെ വംശീയകൂട്ടക്കൊലയാണ്. പിന്നീട് നമ്മൾ അത് കണ്ടത് മോദി കാലത്തെ ഗുജറാത്തിലാണ്. വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്ന വാദമുയർത്തി സിഖ് കൂട്ടക്കൊലയെ ലഘുകരിച്ച ഒരു പ്രധാനമന്ത്രി ഇന്ത്യ ഭരിച്ചിരുന്നു എന്നത് രാഹുൽ ഗാന്ധി മറന്ന് പോകരുത്. ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഒരു ജനതയെ വംശഹത്യ ചെയ്ത അധികാര ഹുങ്ക് ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗമാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞ് പോകണം
കാസർഗോഡ് ചീമേനിയിൽ സി.പി.ഐ.എമ്മിന്റെ ഓഫീസിന് തീയിട്ട് രക്ഷപെടാൻ പുറത്ത് ചാടിയവരെ വെട്ടിക്കൊന്ന് വീണ്ടും തീയിട്ട് ചുട്ടുകരിച്ച് കൊന്നത് ഒരുപക്ഷെ രാഹുൽ ഗാന്ധിയുടെ വലതുവശത്തിരുന്ന് ചെവി തിന്നുന്ന കെ.സി.വേണുഗോപാൽ അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തിട്ടുണ്ടാകില്ല. പാർട്ടി ഓഫീസ് അക്രമിക്കുക മാത്രമല്ല സി.പി.ഐ.എമ്മിന്റെ അഞ്ചു സഖാക്കളെ തീയിട്ട് ചുട്ടുകൊന്ന പാരമ്പര്യത്തിന്റെ ഉടമകളാണ് കേരളത്തിലെ കോൺഗ്രസുകാർ.
ബി.ജെ.പിയുടെ ഉത്തരേന്ത്യൻ മോഡൽ അക്രമത്തിന്റെ പിന്തുടർച്ചക്കാരാണ് സി.പി.ഐ.എം എന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് കൂവിയ രാഹുൽ ഗാന്ധി ചീമേനി കൂട്ടക്കൊല ഉത്തരേന്ത്യയെ ലജ്ജിപ്പിക്കുന്ന വിധത്തിൽ കേരളത്തിൽ അരങ്ങേറിയ ഏറ്റവും ഭീകരമായ അതിക്രമമായിരുന്നു എന്ന് ഓർമ്മിക്കണം. ഏത് പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്കാരമായിരുന്നു ഈ ക്രൂരകൃത്യം എന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കി പോകേണ്ടതുണ്ട്.
കോൺഗ്രസ് പാർട്ടി വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ മൊയ്യാരത്ത് ശങ്കരൻ മുതൽ കോൺഗ്രസ് കുടുംബത്തിൽ നിന്ന് പുരോഗമന വിദ്യാർത്ഥിപക്ഷത്ത് എത്തിയ ധീരജിനെ അടക്കം കോൺഗ്രസ് അക്രമകാരികൾ വകവരുത്തിയ സഖാക്കളുടെ എണ്ണം എത്രയെന്ന് രാഹുൽ ഗാന്ധിക്ക് അറിയുമോ.
ചായക്കടയിൽ പഴംപൊഴി തിന്നുന്ന ഇടവേളയിൽ കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാൽ അദ്ദേഹത്തിന് നേരിട്ട് അറിവുള്ള ഇത്തരം കൊലപാതകങ്ങളുടെ കണക്കെങ്കിലും കിട്ടാതിരിക്കില്ല. കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായി സ്വന്തം പാർട്ടിക്കാരെ പോലും വെട്ടിയരിഞ്ഞ് തള്ളിയ കോൺഗ്രസിന്റെ കൊലപാതക ചരിത്രം ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമായിരുന്നു എന്ന് രാഹുൽ ഗാന്ധി കേരളത്തോട് ഏറ്റുപറയേണ്ടതുണ്ട്.
‘ബി.ജെ.പിയെപ്പോലെ സി.പി.ഐ.എമ്മും അക്രമത്തിലാണ് വിശ്വസിക്കുന്നത്, അക്രമം അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് ‘ എന്ന് വിളിച്ചു പറഞ്ഞ രാഹുൽ ഗാന്ധി മുകളിൽ സൂചിപ്പിച്ച ചരിത്രം പരിശോധിച്ചാൽ താൻ നടത്തിയത് പതിവ് പോലെ ആരോ ചെവിയിൽ പറഞ്ഞ് കൊടുക്കുന്നത് ഏറ്റുപറയുന്ന യന്ത്രമനുഷ്യന്റെ ദൗത്യമാണ് എന്ന് തിരിച്ചറിയും.
യാന്ത്രികമായ പ്രതികരണങ്ങളിൽ നിന്ന് നാടിന്റെ ജൈവികമായ യാഥാർത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങി വന്നാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് ബി.ജെ.പിയുടെ ഹിംസാത്മകതയുടെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ കഴിയൂ. മറിച്ചായാൽ കെ.സി.വേണുഗോപാലും, കെ.സുധാകരനും, വി.ഡി.സതീശനും ചെവിയിൽ ഓതി തരുന്ന അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത ഏറ്റുപാടുന്ന ഒരു യന്ത്രപാവയായി രാഹുൽ ഗാന്ധിക്ക് കാലം കഴിക്കേണ്ടി വരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.