KT Jaleel: നുപുർ ശർമയും ബൽറാമും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്; ഇതാണ് ഞാൻ പറഞ്ഞത്; കെ ടി ജലീൽ

മുസ്ലീം ലീഗ്(muslim league) നേതാവ് അബ്ദുറഹ്മാന്‍ രണ്ടാത്താണിക്ക് കെ ടി ജലീൽ(kt jaleel) എംഎൽഎയുടെ മറുപടി. നുപുർ ശർമയും ബൽറാമും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണെന്നും ഇതാണ് താൻ പറഞ്ഞതെന്നും ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നുവെന്നും കെ ടി ജലീൽ അബ്ദുറഹ്മാന്‍ രണ്ടാത്താണിക്കുള്ള മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചു.

നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. ‘ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ എ കെ ജി യും ഒരു പോലെയാണ് എന്നല്ല’, ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട എൻ്റെ ഇപ്പോഴത്തെയും സുഹൃത്ത് അബ്ദുറഹിമാൻ രണ്ടത്താണി അറിയാൻ,
അങ്ങ് എനിക്കായി അയച്ച മുഖപുസ്തകക്കത്ത് വായിച്ചു. വസ്തുത താഴെ പറയും പ്രകാരമാണ്;
ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്:
“പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഢനം നടത്തി”
കോൺഗ്രസ് നേതാവ് ബൽറാം AKG യെ കുറിച്ച് പറഞ്ഞത്:
“പ്രായമായ AKG ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഢകനാണ്”
ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ AKG യും ഒരു പോലെയാണ് എന്നല്ല.
ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു. നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ?

സ്നേഹത്തിൻ്റെയും പരമത സഹിഷ്ണുതയുടെയും നിറകുടമായ മുഹമ്മദ് നബിയെ ഇകഴ്ത്തുന്നവരുടെ പട്ടികയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും എൻ്റെ പേര് കാണില്ല. താങ്കളുടെ മുന്നണിയിലുള്ളവരുടെയും മുന്നണിക്ക് പുറത്തുള്ള ഒക്കച്ചങ്ങാതിമാരുടെയും പേരുകൾ അക്കൂട്ടത്തിൽ വരാതെ നോക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും.

ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മോശമല്ലാതെ കൊണ്ടു പോകുന്ന തിരക്കിലും ഞാൻ “വഴി തെറ്റി പോകുമോ” എന്ന ആശങ്ക താങ്കളെ ‘വേദനിപ്പിച്ചതി’ൽ സന്തോഷമുണ്ട്.
എൻ്റെ എഴുത്തുകളുമായും പ്രസംഗങ്ങളുമായും ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇത്തരം കുറിപ്പുകളിലൂടെ യഥാസമയം മേലിലും തീർക്കുമെന്ന പ്രതീക്ഷയോടെ
സ്നേഹപൂർവ്വം
സ്വന്തം ജലീൽ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here