Arya Rajendran: കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹം: ആര്യാ രാജേന്ദ്രന്‍

കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് തിരുവനന്തപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആര്യാ രാജേന്ദ്രന്‍. ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും സമൂഹത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കേണ്ടവരുമാണ് രാഷ്ട്രീയ നേതാക്കള്‍. ഷീജയ്‌ക്കെതിരെ അത്തരത്തില്‍ അപഹാസ്യവും അപമാനകാരവുമായ പരാമര്‍ശം നടത്താന്‍ പിസി ജോര്‍ജിനെ പ്രേരിപ്പിക്കുന്നത് ഷീജ ഒരു സ്ത്രീ ആണെന്ന് എന്നുള്ളത് മാത്രമാണെന്ന് ആര്യാ രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

കുറിപ്പ്

കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ ഷീജയ്ക്ക് നേരെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹം.
ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജ് പരാതിക്കാരിയുടെ പേര് പറയുന്നത് നിയമപരമാണോ എന്ന തീര്‍ത്തും പ്രസക്തമായ ചോദ്യം ഉന്നയിച്ചതിനാണ് ഷീജയെ അപമാനമുണ്ടാകും വിധം പ്രതികരിച്ചത്. രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഇത്തരം പരാമര്‍ശം തെറ്റായ ഒരു പ്രവണതയാണ്. ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും സമൂഹത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കേണ്ടവരുമാണ് രാഷ്ട്രീയ നേതാക്കള്‍. ഷീജയ്‌ക്കെതിരെ അത്തരത്തില്‍ അപഹാസ്യവും അപമാനകാരവുമായ പരാമര്‍ശം നടത്താന്‍ പിസി ജോര്‍ജിനെ പ്രേരിപ്പിക്കുന്നത് ഷീജ ഒരു സ്ത്രീ ആണെന്ന് എന്നുള്ളത് മാത്രമാണ്. സ്ത്രീയായാല്‍ എന്തും പറയാം എന്ന പുരുഷമേധാവിത്വ മനഃസ്ഥിതിയാണ്. സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നവിധം പ്രസംഗിച്ചതിന് അല്പനാള്‍ മുന്‍പ് കേസില്‍ പ്രതിയാക്കപ്പെട്ട ആളാണ് പി സി ജോര്‍ജ്. മതസ്പര്‍ദ്ധയുടെയും അതിന്റെ ഉല്‍പ്പന്നമായ കലാപങ്ങളുടെയും ആദ്യത്തെ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ് എന്ന സാമൂഹ്യ യാഥാര്‍ഥ്യം നമുക്കറിയാവുന്നതാണ്, അത് പി സി ജോര്‍ജിനും അറിയാം, എന്നിട്ടും അതിന് തുനിഞ്ഞ പി സി ജോര്‍ജിന്റെ അഹന്തയില്‍ നിന്നുണ്ടായതാണ് ഷീജയോടുള്ള ഇന്നത്തെ പരാമര്‍ശം. കേവലം ഷീജ എന്ന വ്യക്തിയ്ക്കെതിരെ ഉണ്ടായതല്ല മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീസമൂഹത്തിനും എതിരെ ആണ് പി സി ജോര്‍ജെന്ന രാഷ്ട്രീയ അശ്ലീലം സഭ്യതയുടെ എല്ലാ അതിരും ലംഘിച്ചത്. ഇതില്‍ പുരോഗമന സമൂഹമാകെ ശക്തമായി പ്രതിഷേധിക്കണം. ഷീജയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. ഐക്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel