ഒളിവിൽ പോയ യൂ ട്യൂബർ സൂരജ് പാലാക്കാര(Sooraj Palakkaran)നായി പൊലീസ്(police)അന്വേഷണം ഊർജ്ജിതമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ്സെടുത്തതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ഇയാളുടെ പാലായിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനി എറണാകുളം സൗത്ത് പൊലീസിനു പരാതി നൽകിയതിനെ തുടർന്നാണ് ട്രൂടിവി യൂട്യൂബ് ചാനൽ എംഡി പാലാ കടനാട് സ്വദേശി സൂരജ് പാലാക്കാരൻ എന്ന സൂരജ് വി സുകുമാറിനെതിരെ പോലീസ് കേസെടുത്തത്.
പട്ടികജാതി–വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ജൂൺ 21നാണ് ഇയാൾ തന്റെ യുട്യൂബ് ചാനലിൽ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമർശങ്ങളുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌തത്. പരാതിക്കാരിയായ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനായിരുന്നു ശ്രമം . നാലു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിരുന്നു.
ക്രൈംനന്ദകുമാറിനെ ന്യായീകരിക്കുന്നതിനായി പരാതിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു സൂരജ് പാലാക്കാരൻ്റെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. കെട്ടിച്ചമച്ച കേസാണ് നന്ദകുമാറിനെതിരെ പൊലീസ് രജിസ്‌റ്റർ ചെയ്‌തതെന്നും ഇയാൾ വീഡിയോയിൽ ആരോപിച്ചിരുന്നു.
ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് ജൂൺ 17ന് അറസ്റ്റു ചെയ്‌തതിനു പിന്നാലെയാണ് സൂരജ് പാലക്കാരൻ യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചത്. തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
കേസ് എടുത്തതിന് പിന്നാലെ സൂരജ് പാലാക്കാരൻ ഒളിവിൽ പോയി. പ്രതിയെ അന്വേഷിച്ച് പൊലീസ് പാലായിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ കടന്നു കളയുകയയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.