കപിൽ ദേവിനു ശേഷം ആദ്യമായാണ് ഒരു പേസ് ബൗളർ ഇന്ത്യൻ ടീമിന്‍റെ നായകനാവുന്നത്. ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം തന്നെ റെക്കോർഡ് നേട്ടത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംമ്ര.
ബാറ്റിംഗ് തകർച്ച നേരിട്ട ടീം ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ റിഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും ഒപ്പം വാലറ്റത്ത് ക്യാപ്റ്റൻ ജസ്പ്രീത് ബുംമ്ര നടത്തിയ പ്രകടനവും നിർണായകമായിരുന്നു. അതും റെക്കോഡ് നേട്ടത്തിലൂടെ.
സ്റ്റുവർട്ട് ബ്രോഡെറിഞ്ഞ 84-ാം ഓവറിൽ രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പെടെ ഇന്ത്യൻ പേസർ അടിച്ചു കൂട്ടിയത് 29 റൺസാണ്. ഒപ്പം എക്സ്ട്രാ ആയി ലഭിച്ച 6 റൺസും. ആകെ ഒരോവറിൽ 35 റൺസ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ്.
ഒരോവറിൽ 28 റൺസെന്ന ബ്രയാൻ ലാറയുടെ 18വർഷം പഴക്കമുള്ള റെക്കോഡാണ് ബുംമ്ര മറികടന്നത്. 2007 ട്വൻറി ട്വൻറി ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിൽ 6 സിക്സുകൾ പറത്തിയ സ്റ്റുവർട്ട് ബ്രോഡ് തന്നെയായിരുന്നു ബുംമ്രയുടെയും ഇരയെന്നത് കൗതുകമായി.
ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റ് തികയ്ക്കുന്ന ലോകത്തെ ആറാമത്തെ ബൗളറെന്ന റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ തന്നെ ഒരോവറിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ബൗളറെന്ന ചീത്തപ്പേരും ബ്രോഡ് സ്വന്തം പേരിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.