140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ വീട്ടില്‍ പോയി കണ്ട് സൗജന്യ രോഗ നിര്‍ണയവും ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കുന്നു.

ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി ആരംഭിച്ചിട്ട് രണ്ടാഴ്ച കൊണ്ട് 74,628 പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. അതില്‍ 18,424 പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

7870 പേര്‍ക്ക് രക്താതിമര്‍ദ്ദവും 6195 പേര്‍ക്ക് പ്രമേഹവും 2318 പേര്‍ക്ക് ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 1200 പേരെ ക്ഷയരോഗത്തിനും 1042 പേരെ ഗര്‍ഭാശയ കാന്‍സറിനും 6039 പേരെ സ്തനാര്‍ബുദത്തിനും 434 പേരെ വദനാര്‍ബുദത്തിനും സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം- 10,111 , മലപ്പുറം- 17,640, തൃശ്ശൂര്‍-11,074, വയനാട്- 11,345, എന്നീ ജില്ലകളിലാണ് ഏറ്റവും മികച്ച സ്‌ക്രീനിംഗ് കാഴ്ച വച്ചിരിക്കുന്നത്. റിസ്‌ക് ഗ്രൂപ്പില്‍ പെട്ടവരെയും റഫര്‍ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

ഇ-ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജീവിതശൈലീ രോഗനിര്‍ണയം നടത്തി വരുന്നത്. ഇത് തത്‌സമയം തന്നെ അതാത് ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഡാഷ് ബോര്‍ഡിലൂടെ നിരീക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. ഓരോ പ്രദേശത്തെയും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രകടനം ഈ ഡാഷ് ബോര്‍ഡിലൂടെ നിരീക്ഷിക്കുവാന്‍ സാധിക്കുന്നതിനാല്‍ പദ്ധതിയുടെ മോണിറ്ററിംഗ് നടത്തുന്നതിന് ഏറെ സുഗമമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News