ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ആകെ 34,995 ഫയലുകൾ ഇന്ന് ഒറ്റദിവസം കൊണ്ട് തീർപ്പാക്കി. പഞ്ചായത്തുകളിൽ 33231 ഫയലുകളും, മുൻസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ് ഇന്ന് തീർപ്പാക്കിയത്.
അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. 90 ഫയലുകളാണ് ഇന്ന് രാവിലെ മയ്യിൽ പഞ്ചായത്തിൽ പെൻഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് മന്ത്രി അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീർപ്പാക്കിയിരുന്നു, പെൻഡിംഗ് ഫയലുകൾ 31 ആയി കുറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണി ആകുമ്പോൾ തന്നെ മയ്യിലിലെ മുഴുവൻ ഫയലും തീർപ്പാക്കി. ഇനി ഒരു ഫയൽ പോലും തീർപ്പാക്കാൻ ബാക്കിയില്ലാത്ത പഞ്ചായത്തുകളിൽ ഒന്നായി മയ്യിൽ മാറി. പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിൽ 55%ത്തിലധികമാണ് പഞ്ചായത്ത് ജീവനക്കാരുടെ ഹാജർ. കൊല്ലത്ത് 80% ജീവനക്കാർ ഹാജരായി.
പഞ്ചായത്ത് ഡയറക്ടറേറ്റിൽ 90% ജീവനക്കാർ ജോലിക്കെത്തി. നഗരസഭാ ഓഫീസുകളിൽ 55.1% ജീവനക്കാരാണ് ജോലിക്കെത്തിയത്. സെപ്റ്റംബർ 30നകം ഫയൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാസത്തിൽ ഒരു അവധി ദിനത്തിൽ പ്രവർത്തി ചെയ്യാൻ ജീവനക്കാർ സന്നദ്ധരായത്.
വിവിധ സർവ്വീസ് സംഘടനകളും സർക്കാർ തീരുമാനത്തെ വിജയിപ്പിക്കുന്നതിന് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തിൽ ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.