ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്മീരില്‍ നിന്നും പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സജീവ ബി.ജെ.പി പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നു രാവിലെ റിയാസിയില്‍നിന്ന് നാട്ടുകാരാണ് രണ്ടുപേരെ പിടികൂടിയത്. പിടികൂടി നാട്ടുകാര്‍ പൊലീസിനു കൈമാറുകയായിരുന്നു.

താലിബ് ഹുസൈന്‍ ഷാ എന്നു പേരുള്ളയാളെയും സഹായിയെയുമാണ് ഇന്ന് ജമ്മുവിലെ റിയാസിയില്‍നിന്ന് പൊലീസ് പിടികൂടിയത്. താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ഐ.ടി സെല്‍ തലനായിരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. രജൗരിയിലെ ബുധന്‍ സ്വദേശിയാണ് താലിബ് ഹുസൈന്‍ ഷാ.

ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദ്ര റൈന അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരില്‍നിന്ന് ഗ്രനേഡുകളടക്കമുള്ള സ്ഫോടകവസ്തുക്കളും എ.കെ റൈഫിള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മേയ് ഒന്‍പതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ ചാര്‍ജ് ഏറ്റെടുത്തത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ചുമതല നല്‍കിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ വാര്‍ത്താകുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഓണ്‍ലൈന്‍ സംവിധാനം വഴി പാര്‍ട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഏതു പശ്ചാത്തലങ്ങളില്‍നിന്നുള്ളവര്‍ക്കും പാര്‍ട്ടിയില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി അംഗത്വമെടുക്കാനാകുന്ന സാഹചര്യമുണ്ടെന്ന് ബി.ജെ.പി വക്താവ് ആര്‍.എസ് പഥാനിയ വിശദീകരിച്ചു. ”ഈ അറസ്റ്റിലൂടെ പുതിയൊരു വിഷയമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ബി.ജെ.പിയില്‍ കടന്നുകയറി പാര്‍ട്ടിക്കകത്തെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതിയൊരു രീതിയാണിത്. ഉയര്‍ന്ന പാര്‍ട്ടി നേതൃത്വത്തെ കൊല്ലാനും ഇതുപോലെ ഗൂഢാലോചന നടന്നിരുന്നു. അത് പൊലീസ് തകര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഭീകരത പരത്താന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇപ്പോള്‍ ആര്‍ക്കും ഓണ്‍ലൈനിലൂടെ ബി.ജെ.പി അംഗമാകാം. അംഗത്വമെടുക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലമോ പൂര്‍വ പശ്ചാത്തലമോ പരിശോധിക്കാനുള്ള സംവിധാനം ഇതിനകത്തില്ല. അതൊരു തിരിച്ചടിയാണ്.”-പഥാനിയ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News