കുമ്പള കൊലപാതക കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് വേണ്ടി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍. പ്രതികള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനാണിത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടില്‍ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കിയവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇവര്‍.
എന്നാല്‍ ക്വട്ടേഷന്‍ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ഒരാഴ്ചയായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം.
ഇതിനിടയില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ രാജ്യം വിടുകയും ചെയ്തു. യുഎഇയിലേക്കാണ് ഇവര്‍ കടന്നത്. പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ അടക്കമുള്ളവ വഴി കൂടുതല്‍ പ്രതികള്‍ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം. ക്വട്ടേഷന്‍ നല്‍കിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അബൂബക്കറിന്‍റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതവും തലച്ചോറിലെ രക്ത ശ്രാവവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കാലിന്റെ ഉപ്പൂറ്റിയില്‍ അടികൊണ്ട പാടുകളും ഉണ്ട്. കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിച്ചെന്നും പൊലീസ് പറഞ്ഞു. ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തണമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിന്റെ സഹോദരന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.