നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധം ഉള്ളവര്‍;’നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം’:KT ജലീല്‍

നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധം ഉള്ളവരാണെന്ന് കെ ടി ജലീല്‍(KT Jaleel). തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനൊപ്പം നൗഫലിന്റെ സഹോദരന്‍ പ്രവര്‍ത്തിച്ചുവെന്നും, സ്വര്‍ണക്കടത്ത് കേസിലെ വിവാദ വനിതയുടെ നമ്പര്‍ നൗഫലിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് പിടികൂടിയിരുന്നു. മുന്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായാണ സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പൊലീസും, കുടുംബവും പറയുന്നത്.

പിടിയിലായ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകരാണെന്നും നൗഫലിന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം നല്‍കിയത് ഫിറോസാണെന്നും ജലീല്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ച ആളാണെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. വിവാദ വനിതയുടെ നമ്പര്‍ നൗഫലിന് കിട്ടിയതിലും ദുരൂഹതയുണ്ടെന്നും സഭ സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വഴിയൊരുക്കാനായുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:-

”നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍

നൗഫലിന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നല്‍കിയത് ഫിറോസ് കുന്നുംപറമ്പില്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ മറ്റാരോ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കുന്നത് മനസ്സിലാക്കാം.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്പര്‍ കിട്ടിയതിലും ദുരൂഹതയുണ്ട്.

നിയമസഭ നടക്കുമ്പോള്‍ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാന്‍ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News