ബ്രസീലില്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പത്ത് വയസുകാരിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച് ജഡ്ജി. അബോര്‍ഷന്‍ നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്കാണ് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം കോടതി നിഷേധിച്ചത്.
വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അബോര്‍ഷന്‍ നടത്തരുതെന്നും ഗര്‍ഭിണിയായി തന്നെ തുടരണമെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും പെണ്‍കുട്ടിയോട് പറയുകയും അവരെ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുടുംബത്തില്‍ നിന്നും മാറി ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കണമെന്നും ഗര്‍ഭഛിദ്രം നടത്തരുതെന്നുമാണ് കോടതി പറഞ്ഞത്.
മേയ് മാസത്തില്‍ നടന്ന സംഭവത്തിന്റെ കോടതി നടപടികളുടെ ഓഡിയോ റെക്കോര്‍ഡിങ് സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍സെപ്റ്റ് ബ്രസീല്‍ കഴിഞ്ഞ മാസം ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതോടെ രാജ്യവ്യാപകമായി കോടതി വിധിക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി, താന്‍ ഭര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് 22 ആഴ്ചകള്‍ക്ക് ശേഷം മാത്രമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അബോര്‍ഷന് വേണ്ടി കുടുംബത്തിനൊപ്പം പെണ്‍കുട്ടി ആശുപത്രിയിലെത്തിയെങ്കിലും ഗര്‍ഭം 20 ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രി അധികൃതര്‍ അബോര്‍ഷന്‍ നടത്താന്‍ തയ്യാറായില്ല.
ഇതോടെയാണ് പെണ്‍കുട്ടിയും കുടുംബവും കോടതിയെ സമീപിച്ചത്.
അതേസമയം കോടതി വിധിക്കെതിരെ വ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്. ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ബ്രസീലിയന്‍ കോടതിയുടെ വിധി എന്നാണ് ഉയരുന്ന അഭിപ്രായം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.