കാസര്‍ഗോഡ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടി;16 പേർ കരുതൽ തടങ്കലിൽ:മുഖ്യമന്ത്രി|Pinarayi Vijayan

കാസര്‍ഗോഡ് ജില്ലയിലെ വടക്കന്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന്-ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മജിസ്റ്റീരിയല്‍തല നടപടികളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരവും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 19 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ 16 പേര്‍ കരുതല്‍ തടങ്കലിലാണ്. ഇതിനു പുറമെ, 6 പേര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഇക്കൊല്ലം ഇതിനകം 500 കേസുകളിലായി 597 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021-ല്‍ റിപ്പോര്‍ട്ട് ചെയ്ത 78 ഭവനഭേദന കേസുകളില്‍ 23 എണ്ണത്തിലും ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്ത 49 കേസുകളില്‍ 20 എണ്ണത്തിലും പ്രതികളെ പിടികൂടി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

26.06.2022-ന് വിദേശത്തുനിന്ന് തിരികെ എത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അബൂബക്കര്‍ സിദ്ദിഖിന് പ്രതികളില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഇതു സംബന്ധിച്ച തകര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അറിവായിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് ക്രൈം 493/22 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്യുകയും 6 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.പൈവളിഗയില്‍ നിന്ന് ഈയിടെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഉപേക്ഷിച്ച മറ്റൊരു സംഭവം കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്.ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel