സഖാവ് എം എം വര്‍ക്കി അന്തരിച്ചു

കോട്ടയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ 1965 മുതല്‍ ഒപ്പം നടന്ന സഖാവ് എം എം വര്‍ക്കി അന്തരിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്നു എംഎം വര്‍ക്കി. 1965 ലാണ് ഓഫീസ് സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിക്കാന്‍ മറ്റക്കര സ്വദേശിയായ വര്‍ക്കി എത്തുന്നത്. പാലാ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധ പ്പെട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. അതിന് ശേഷം കൊഴുവനാല്‍, മറ്റക്കര പ്രദേശത്തെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍, സിപിഐഎം പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ജില്ലാ കമ്മറ്റി ഓഫീസിലെത്തുന്നത്. 1987 വരെ ഓഫീസിലെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു.

ചലചിത്ര മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കോട്ടയത്തെ ഫിലിം സൊസൈറ്റി, ദേശാഭിമാനി തീയേറ്റേഴ്‌സ്, ദേശാഭിമാനി ബുക്ക് സ്റ്റാള്‍ എന്നിവ യുടെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം കേന്ദ്രമാക്കി അമച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ (അമ്മ) എന്നൊരു സംഘന രജിസ്റ്റര്‍ ചെയ്തത് എം എം വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു. ഗോവന്‍ ചലചിത്ര മേള ഉള്‍പ്പെടെ അന്താരാഷ്ട്ര ചലചിത്ര മേളകളുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചും, ചലച്ചിത്ര നിര്‍മ്മാണം സംബന്ധിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ വിഷയത്തില്‍ ക്ലാസ്സുകള്‍ നല്‍കിയിരുന്നു. ക്യാമറാമാന്‍ വേണു സംവിധായകന്‍മാരായ ജയരാജന്‍, ജോഷി തുടങ്ങി സിനിമാ മേഖലയിലെ അതികായന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എം.പി സുകുമാരന്‍ നായര്‍, രാജീവ് വിജയ രാഘവന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദവും, സിനിമകളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണനുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ബാബു ആന്റണി, ഇന്ദ്രന്‍സ്, കല്‍പ്പന തുടങ്ങിയ നടന്മാരുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. വര്‍ക്കിയുടെ ജീവിതം പശ്ചാത്തലമാക്കി ഫ്രഞ്ച് ചലചിത്ര സംവിധായിക ആഗ്‌നസ് ബര്‍ട്ട് ഒരു സിനിമ തന്നെ നിര്‍മ്മിച്ചിരുന്നു. രണ്ട് സിനികളില്‍ ചെറിയ വേഷം ചെയ്തിരുന്നു. ചലചിത്ര നാടക മേഖലയെ സംബന്ധിച്ച് ആധികാരികമായ മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷക്കാലമായി ചികിത്സയിലായിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വര്‍ക്കി മരണപ്പെട്ടത്. മൃതദേഹം മണര്‍കാട് സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാവിലെ 9.30 മുതല്‍ 12 വരെ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News