Kerala Assembly : അടിയന്തരപ്രമേയത്തിന്മേൽ നിയമസഭയിൽ ചര്‍ച്ച പുരോ​ഗമിക്കുന്നു

എ കെ ജി സെന്ററിനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമ സഭയിൽ ചര്‍ച്ച പുരോ​ഗമിക്കുന്നു. പി സി വിഷ്ണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്.

ഭരണ-പ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. 2 മണിക്കൂറാണ് ചര്‍ച്ച. ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറയും.

എ കെ ജി സെന്റർ ആക്രമിച്ചതിന് പിന്നിൽ കോൺഗ്രസാണെന്ന് എം എം മണി എം എൽ എ സഭയിൽ പറഞ്ഞു. പി സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും വസ്തുതാപരമായ അന്വേഷണം നടത്തിയെ പ്രതികളെ പിടിക്കൂവെന്നും എം എം മണി സഭയിൽ പറഞ്ഞു.

കോഴി കട്ടവൻറെ തലയിൽ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസിൽ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരൻ. സുധാകരൻ കെപിസിസി പ്രസിഡൻറായ ശേഷം കേരളത്തിൽ വ്യാപക സംഘർഷം നടക്കുകയാണ്. ജനാധിപത്യബോധമുള്ള കോൺഗ്രസുകാർ പോലും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും എം.എം മണി പറഞ്ഞു.

ജനാധിപത്യബോധവും നീതിബോധവും കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ട. സ്വപ്നാ സുരേഷിന്റെ ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങൾക്ക് എന്ത് ജനാധിപത്യ മര്യാദയെന്നും എം.എം മണി പ്രതിപക്ഷത്തോട് ചോദിച്ചു.

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കോൺഗ്രസുകാർ. 50 മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്തത്. അതൊന്നും തങ്ങളാരും ചെയ്തിട്ടില്ല. ഇല്ലാത്ത കേസിൽ തന്നെ പിടിച്ച് അകത്തിട്ടവരാണ് കോൺഗ്രസുകാർ. വെളുപ്പാൻ കാലത്ത് നാല് മണിക്ക് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട് നിങ്ങളുടെ പൊലീസെന്ന് എം എം മണി പ്രതിപക്ഷത്തോട് പറഞ്ഞു.

അതൊന്നും മറന്ന് കോൺഗ്രസുകാർ നീതിബോധം പഠിപ്പിക്കേണ്ടെന്നും എം എം മണി വിശദീകരിച്ചു. സ്വപ്ന സുരേഷ് സുരക്ഷിത സ്ഥലമായി സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമാണ്.സുരക്ഷിതമാക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ടല്ലോയെന്നും എം എം മണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News