മഹാത്മാഗാന്ധി സ്വന്തം നിലയ്ക്ക് ആക്രമണത്തില്‍ ഞെട്ടി താഴേക്ക് ചാടിയെന്ന് ഇനി ആരെങ്കിലും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ അതും നമ്മള്‍ വിഴുങ്ങേണ്ടി വരുമോ: ജോണ്‍ ബ്രിട്ടാസ് എം പി

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നാണ് സ്ഥിരീകരണം.

ഈ സംഭവത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഫോട്ടോ എറിഞ്ഞു പൊട്ടിച്ചതെന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഓഫീസില്‍നിന്നും ഒഴിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് ഈ സംഭവം നടന്നതെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുന്നുവെന്നും. മഹാത്മാഗാന്ധി സ്വന്തം നിലയ്ക്ക് ആക്രമണത്തില്‍ ഞെട്ടി താഴേക്ക് ചാടിയെന്ന് ഇനി ആരെങ്കിലും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ അതും നമ്മള്‍ വിഴുങ്ങേണ്ടി വരുമോയെന്നും ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. സിപിഐ(എം) ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ശക്തമായ ഭാഷയില്‍ എസ്എഫ്‌ഐയുടെ നടപടിയെ തള്ളിക്കളഞ്ഞുവെങ്കിലും ഡല്‍ഹിയില്‍ പോലും കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തി.

ഓഫീസ് ആക്രമണത്തേക്കാള്‍ ഹീനമായ നടപടി മഹാത്മാഗാന്ധിയുടെ ചിത്രം തറയില്‍ എറിഞ്ഞു പൊട്ടിച്ച സംഭവമായിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഓഫീസില്‍നിന്നും ഒഴിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് ഈ സംഭവം നടന്നതെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുന്നു. നേരത്തെ തന്നെ ചില ദൃശ്യമാധ്യമങ്ങള്‍ ഇക്കാര്യം തെളിവുകളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ജൂണ്‍ 24ന് വൈകുന്നേരം 03:54ന് എസ്എഫ്‌ഐക്കാരെ ഓഫീസില്‍നിന്നും പുറത്താക്കുന്നു. 04:04 മണിക്ക് പോലീസ് വകുപ്പിന്റെ ഫോട്ടോഗ്രാഫര്‍ ഓഫീസ് ചിത്രീകരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഫോട്ടോ അപ്പോള്‍ ചുമരില്‍ തന്നെ. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറിയിലേക്കെത്തുന്നു. 04:29ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ ഗാന്ധിജിയുടെ ചിത്രം താഴെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കിടക്കുന്നത് കാണപ്പെടുന്നു. മഹാത്മാഗാന്ധി സ്വന്തം നിലയ്ക്ക് ആക്രമണത്തില്‍ ഞെട്ടി താഴേക്ക് ചാടിയെന്ന് ഇനി ആരെങ്കിലും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ അതും നമ്മള്‍ വിഴുങ്ങേണ്ടി വരുമോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here