എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യം ; മുഖ്യമന്ത്രി

എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഐഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഐഎം ചെയ്തത്. നടപടി എടുത്തു.സിപിഐഎം തള്ളിപ്പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി ചോദിച്ചു.

എകെജി സെന്ററിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളിൽ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.

സിസിടിവി പരിശോധനകളിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവർ മറച്ചുപിടിക്കുകയാണ്. പക്ഷേ, പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News