പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ വെടിയുതിര്‍ത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍കൂടി പിടിയില്‍. ഇന്നലെ രാത്രി ന്യൂഡല്‍ഹിയിലെ ഐഎസ്ബിടി ബസ് ടെര്‍മിനില്‍ നിന്നാണ് പതിനെട്ടുകാരനായ വെടിയുതിര്‍ത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അങ്കിത് സിര്‍സയെ പൊലീസ് പിടികൂടുന്നത്.
സിദ്ധു മൂസെ വാലയെ ഏറ്റവും അടുത്ത് നിന്ന് ആറ് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് കൊലപാതകം നടത്തിയതിലെ പ്രധാന ഷൂട്ടറെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി സച്ചിന്‍ വിര്‍മാനിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
എഎപി സർക്കാർ മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
അതേസമയം ഗായകൻ സിദ്ധു മൂസേവാലയുടെ മരണശേഷം പുറത്തിറങ്ങിയ അവസാന ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. പഞ്ചാബും ഹരിയാനയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമായ സത്ലജ്-യമുന ലിങ്ക് കനാലിനെ പരാമർശിക്കുന്ന ‘എസ്.വൈ.എൽ’ എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തത്.
വിവാദ വിഷയമായതിനാൽ കേന്ദ്രസർക്കാറിന്റെ നിർദേശ പ്രകാരമാണ് ഗാനം നീക്കം ചെയ്തത് എന്നാണ് യൂട്യൂബ് നൽകുന്ന വിശദീകരണം. ഗാനം എഴുതിയതും സംഗീതം നൽകിയതും ആലപിച്ചതും സിദ്ധു മൂസേവാലെ തന്നെയായിരുന്നു. ജൂൺ 23 ന് പുറത്തിറങ്ങിയ ഈ ഗാനത്തിന് 2.7 കോടി കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
പഞ്ചാബിലെ ജലപ്രശ്‌നത്തെ ആസ്പദമാക്കി രചിച്ച ഗാനം മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് റെക്കോർഡ് ചെയ്തത്. സിദ്ധു മൂസേവാലെയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.