Keralam: വ്യവസായ സൗഹൃദ സൂചികയില്‍ കുതിച്ചുചാട്ടവുമായി കേരളം

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ ഒറ്റവർഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020ല്‍ 75.49 ശതമാനം സ്കോറോടെ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉൾപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്.

അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സർവേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമർജിംഗ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അതില്‍ ‘അസ്പയറർ’ വിഭാഗത്തിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ തുടങ്ങിയ റാങ്കിംഗില്‍ 2016 മുതലാണ് കേരളം പങ്കെടുക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) ഇതിന്റെ നോഡൽ ഏജൻസി.

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തില്‍ ഊന്നൽ നൽകുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിച്ചുവെന്നും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ റാങ്കിംഗ് കൂടുതൽ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളും സംരംഭങ്ങളും ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഊര്‍ജ്ജിതപ്പെടുത്താന്‍ സർക്കാരിന് കീഴിലുള്ള വ്യാവസായിക, നിക്ഷേപ പ്രോത്സാഹന ഏജൻസികൾക്ക് റാങ്കിംഗിലെ ഇപ്പോഴത്തെ പുരോഗതി പ്രചോദനമാകുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

വ്യവസായസംരംഭ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്ന സംസ്ഥാനമായി മാറാന്‍ ഈ നേട്ടം കേരളത്തെ സഹായിക്കുമെന്ന് കെഎസ്ഐഡിസി എം.ഡി: എം.ജി. രാജമാണിക്കം പറഞ്ഞു. എംഎസ്എംഇകൾ, വനിതകളുടെ സംരംഭങ്ങള്‍, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി ആവിഷ്‌കരിച്ച സാമ്പത്തിക സഹായ പദ്ധതികളുടെ ഏകീകൃത സമീപനം ഭാവിയിൽ റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിക്കും.

ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്റ്റിന്റെ ഉടന്‍ സജ്ജമാകുന്ന മൂന്നാംപതിപ്പും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സംരംഭകവര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം ലക്ഷ്യമിടുന്ന ഒരു ലക്ഷം പുതിയ സംരംഭങ്ങളും കേരളത്തിലെ ബിസിനസ്സ് അന്തരീക്ഷത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംരംഭങ്ങൾ എളുപ്പത്തിൽ തുടങ്ങുന്നതിനും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ച് ബിസിനസ്സ്‌ റിഫോം ആക്ഷൻ പ്ലാൻ (ബി.ആർ.എ.പി.) എന്ന പേരിൽ ഓരോ വർഷവും ഡി.പി.ഐ.ഐ.ടി സംസ്ഥാനങ്ങൾക്ക് നല്‍കും. 2016ല്‍ കേരളം ഇതില്‍ 22.8 ശതമാനം മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്.

2019ല്‍ 85 ശതമാനം കാര്യങ്ങളും നടപ്പാക്കിയെങ്കിലും റാങ്കിങ്ങിൽ 28 ആയിരുന്നു സ്ഥാനം. 301 പരിഷ്‌കാരനടപടികൾ പൂർത്തിയാക്കാനാണ് 2020ല്‍ ഡി.പി.ഐ.ഐ.ടി. നിർദേശിച്ചിരുന്നത്. ഇതിൽ 94 ശതമാനവും നടപ്പാക്കി. സംരംഭകരെ വ്യവസായ വകുപ്പിന്റെ ടോൾ ഫ്രീ കോൾ സെന്റർ മുഖേനെ ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും നടപടിയെടുത്തു.

വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എളുപ്പത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ രാജ്യങ്ങളെ ആഗോളതലത്തിൽ ശ്രേണി തിരിച്ച് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി 2003ൽ ലോകബാങ്ക് തുടങ്ങിയിരുന്നു. 2014ല്‍ ഇന്ത്യ ഈ പ്രക്രിയയുടെ ഭാഗമായി. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള എളുപ്പം, കെട്ടിട നിർമ്മാണത്തിനുള്ള അനുമതികൾ ലഭ്യമാക്കുന്നതിനുള്ള വേഗത, വസ്തു രജിസ്റ്റർ ചെയ്യുന്നതിനുള്ള എളുപ്പം, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, വ്യവസായ സ്ഥാപങ്ങളിലെ വകുപ്പുതല പരിശോധനകളുടെ സുതാര്യത തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് പട്ടിക ലോകബാങ്ക് തയ്യാറാക്കുന്നത്.

ആദ്യം ഡൽഹി, കൊൽക്കൊത്ത, മുംബൈ, ബാംഗളൂർ എന്നീ മഹാനഗരങ്ങളിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സ്ഥാനം നിശ്ചയിച്ചിരുന്നത്. 190ൽ 142 ആയിരുന്നു 2014ൽ ഇന്ത്യയുടെ സ്ഥാനം. 2020ൽ ഇത് 63 ആയി ഉയര്‍ന്നു. സംസ്ഥാനങ്ങൾ നടപ്പാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് പദ്ധതികൾ രാജ്യത്തിന്റെ റാങ്കിങ് ഉയർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News