പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവം; ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ച ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ എന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു.

ചികിത്സാപിഴവിനെ തുടര്‍ന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞും പ്രസവത്തോടെ മരിച്ചിരുന്നു. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി.ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ഹേമലത പറഞ്ഞു.

അഞ്ച് ദിവസം മുമ്പാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ കുട്ടിയുടെ കിടപ്പ് ശരിയല്ലെന്നും തൂക്കം കൂടുതലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനാല്‍ സിസേറിയന്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും നടത്തിയില്ല.

രണ്ട് ദിവസം മുമ്പ് നടന്ന പ്രസവത്തിന് പിന്നാലെ കുട്ടി മരിക്കുകയും ഐശ്വര്യ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഐശ്വര്യയും മരണപ്പെടുകയായിരുന്നു. പ്രസവ സമയത്തുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തുടക്കം മുതല്‍ ഐശ്വര്യയെ നോക്കിയിരുന്ന ഡോക്ടര്‍മാരായ രണ്ട് പേരും പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഐശ്വര്യ ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതര്‍ തങ്ങളെ വിവരം അറിയിച്ചില്ല.

വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞില്ല. മാത്രമല്ല തങ്ങളോട് ആലോചിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News