മൂന്നാം തവണയും സ്റ്റാറായി സ്റ്റാര്‍ട്ടപ്പ്; കേന്ദ്രത്തിന്റെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ് പെര്‍ഫോമര്‍ പുരസ്‌കാരം കേരളത്തിന്: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ് പെര്‍ഫോമര്‍ പുരസ്‌കാരം കേരളത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി ആവിഷ്‌കരിച്ച നടപടികള്‍ വഴി പല രംഗങ്ങളിലും സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കാന്‍ നമുക്കായി. പല അംഗീകാരങ്ങളും സംസ്ഥാനത്തെ നേടിയെത്തുകയുമുണ്ടായി. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചത് അതിലൊന്നാണ്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം അര്‍ഹമായത്.

കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഉല്‍പ്പന്ന രൂപകല്‍പ്പനയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഡിജിറ്റല്‍ ഹബ്ബെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ പോലുള്ള ദൗത്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനെ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ സമിതി പ്രകീര്‍ത്തിച്ചു.

ഇത്തരത്തില്‍ 3,600 ഓളം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നല്‍കുന്നത്. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിന്റെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News