ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന് ട്രോൾ പെരുമഴ

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന്റെ ആദ്യ ടീസറിനു നേരെ മലയാളികളുടെ ട്രോൾ പെരുമഴ.‘സ്റ്റീഫൻ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇൻട്രൊ സീൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് ഈ ട്രോൾ മഴ. ചിരഞ്ജീവിയുടെ സ്റ്റൈലിഷ് എൻട്രി ടോളിവുഡിൽ ആവേശമായിരിക്കാം , പക്ഷെ മോളിവുഡിൽ അതത്ര സ്റ്റൈൽ ആയിട്ടില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി ആയെത്തിയ മോഹൻലാലിന്റെ അഭിനയശൈലി വെച്ചാണ് പലരും ചിരഞ്ജീവിയുടെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്. അത് വെച്ച് നോക്കുമ്പോൾ പി.കെ. രാംദാസിന്റെ മൃതദേഹം കാണുന്നതിന് ഇത്ര വലിയ സ്റ്റൈലിന്റെ ആവശ്യമില്ലെന്നാണ് മലയാളി പ്രേക്ഷകരുടെ കമന്റ്. എന്നാല്‍ ലൂസിഫർ സിനിമയുടെ അതേ കഥ തന്നെ ആകണമെന്നില്ലെന്നും ഈ ഇൻട്രൊ സീൻ മറ്റേതെങ്കിലും സന്ദർഭത്തിലേതാകാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

നടൻ സുനിലാണ് കലാഭവൻ ഷാജോണിന്റെ വേഷത്തിൽ എത്തുക. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാന്‍ ആയിരിക്കും എത്തുക. മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും എന്നും റിപ്പോർട്ടുകളുണ്ട് .

സത്യദേവ് കഞ്ചരണ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News