ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. കഴിഞ്ഞ മെയ് 9 ന് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍ക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 100 വയസ് ആയിരുന്നു.ജനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഏത് തരം മുറിവിനും പറ്റിയ ഒറ്റമൂലിയായിരുന്നു ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍.

പലതവണ കേരളം മുറിവ് ഉണക്കുന്ന ഈ മരുത്വാമലയുടെ ഔഷധഗുണം രുചിച്ചറിഞ്ഞിട്ടുണ്ട്. പൂവാര്‍, നിലക്കല്‍,തലശേരി, പാനൂര്‍, നാദാപുരം എന്നീ മേഖലകളിലെ വര്‍ഗ്ഗീയ കലാപകാലത്ത് ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ചെയ്ത സേവനങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. നഗരൂരിലേയും, കിളിമാനൂരിലെയും നക്‌സല്‍ ആക്രമണ പ്രദേശങ്ങളിലും കുട്ടനാട്ടിലെ രാഷ്ടീയ സംഘര്‍ഷ സ്ഥലങ്ങളിലും ആരും വിളിച്ചിട്ടല്ല ഈ ഗാന്ധിയന്‍ വന്നത്. മാറാട് കലാപകാലത്ത് ഇരുവിഭാഗത്തിനും സ്വീകാര്യനായ മധ്യവര്‍ത്തിയാരുന്നു അദ്ദേഹം. പഞ്ചാബിലെ സിഖ് കലാപകാലത്തും ബംഗ്ലാദേശ് അഭയാര്‍ത്ഥി പ്രവാഹ ക്യാമ്പുകളിലും സമാധാനദൂതുമായി ഈ ഗാന്ധിയന്റെ പാദങ്ങള്‍ കാതങ്ങളോളം സഞ്ചരിച്ചു.

1922 ജൂലൈ 22 ന് നെയ്യാറ്റിന്‍കരയില്‍ ജനിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തിലാണ് സ്വാതന്ത്ര സമരത്തിലേക്ക് ഇറങ്ങിയത്. നെയ്യാറ്റിന്‍കരയില്‍ വന്ന മഹാത്മഗാന്ധിജിയെ നേരില്‍ കണ്ടതിന്റെ ആവേശമായിരുന്നു സ്വാതന്ത്രസമരത്തിലേക്ക് ഇറങ്ങുന്നതിന്റെ പ്രചോദനം.ടാഗോറിന്റെ വിശ്വാഭാരതിയിലെ പഠനമാണ് ജീവിതത്തിന്റെ വഴി തിരിച്ച് വിട്ടത്. ചൈനാ സംസ്‌കാരവും ഗവേഷണം നടത്തുകയായിരുന്ന ഗോപിനാഥാന്‍ നവഖാലിയിലെത്തി മഹാത്മാഗന്ധിയെ കണ്ടതോടെ പൂര്‍ണ സമയ ഗാന്ധിയനായി.
1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. മരിക്കും വരെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു.

ഗാന്ധി പീസ് ഫൗണ്ടേഷന്റെ അജീവനാന്ത പ്രവര്‍ത്തകന്‍ ആയിരുന്നു.മഹാത്മാ ഗാന്ധി സ്ഥാപിച്ച സര്‍വ്വസേവാ സംഘത്തിന്റെയും , സേവാഗ്രാം ആശ്രമത്തിന്റേയും അധ്യക്ഷനായ ആദ്യ മലയാളിയാരുന്നു. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. 2005-ല്‍ ജമ്‌നലാല്‍ ബജാജ് അവാര്‍ഡ് നേടി. 2016 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വിമണ്‍ വൈല്‍ഫെയര്‍ ഓഫീസര്‍ സരസ്വതി അമ്മയാണ് ഭാര്യ. ഗാന്ധിയന്‍ ആശയ പ്രചരണത്തിന് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച കറ കളഞ്ഞ ഒരു ഗാന്ധിയനെയാണ് ഗോപിനാഥന്‍ നായരുടെ വിയോഗത്തൊടെ നഷ്ടമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here