ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്(Postmortem report). കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ സ്‌ഥിരീകരിച്ചു. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫ് ( 56) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രൻ്റെ വീട്ടിൽ കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരുക്കേൽപ്പിച്ച ശേഷം ജോസഫ് വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട ജോസഫിനെ മോഷണശ്രമം നടന്ന വീടിന് നൂറു മീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാജേന്ദ്രൻ്റെ വീട്ടിനുള്ളിൽ നിന്നും ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്നും 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രൻ്റെ കുടുംബം പറയുന്നത്. രാജേന്ദ്രൻ്റെ മുഖത്ത് ജോസഫ് കടിച്ച് ഗുരുതര പരുക്കേൽപ്പിച്ചിരുന്നു.
പരുക്കേറ്റ രാജേന്ദ്രൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജോസഫിനൊപ്പം മറ്റൊരു മോഷ്ടാവും ഉണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ സിസിടിവി ദൃശ്യത്തിൽ ജോസഫ് മാത്രമാണ് ഉള്ളത്. ജോസഫിൻ്റെ മൃതദേഹത്തിൻ്റെ സമീപത്ത് നിന്നും ഒരു കിലോ ഇറച്ചി, ചെരുപ്പ്, വാക്കത്തി എന്നിവ കണ്ടെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.