Dog: വയറിനുള്ളില്‍ മൂന്ന് എയര്‍ഗണ്‍ വെടിയുണ്ടകൾ; തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

വയറിനുള്ളില്‍ മൂന്ന് എയര്‍ഗണ്‍(airgun) വെടിയുണ്ടകള്‍ കണ്ടെത്തിയ തെരുവുനായ(street dog)യെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. പത്തിയൂര്‍ ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ കാണപ്പെട്ട തെരുവുനായയുടെ വയറ്റിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. രണ്ടെണ്ണം വയറ്റിലും ഒരെണ്ണം അന്നനാളത്തിലുമാണ്.

ശ്വാസനാളം തുളഞ്ഞ് കയറിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും നായയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് നായയെ ചികിത്സിക്കുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു. അതെ സമയം വെടിയുണ്ടകള്‍ സംബന്ധിച്ച ദുരൂഹത നീക്കണമെങ്കില്‍ അവ പുറത്തെടുത്താലെ സാധിക്കുകയുള്ളു.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായ നായയെ സമീപവാസികളുടെ പരിചരണത്തിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാൽ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്‌ഹോകസ് കൂട്ടായ്മയെ വാട്‌സ്ആപില്‍ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. മൃഗാശുപത്രി ഡോക്ടറും സ്ഥലത്തെത്തി കുത്തിവയ്പ്പും മരുന്നും നല്‍കി.

സമീപത്തെ വീട്ടില്‍ നായക്ക് സംരക്ഷണം ഒരുക്കി. എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുടർന്നാണ് കൂട്ടായ്മ അംഗങ്ങള്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്‌ഹോകസി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

നായയ്ക്കുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയതാകാമെന്ന് കരുതുന്നു. ആശുപത്രിയില്‍ കഴിയുന്ന നായ അതീവഗുരുതരാവസ്ഥയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here