ബഫര്‍ സോണ്‍; നിയമസഭയില്‍ പ്രമേയം അല്‍പസമയത്തിനകം

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും.

വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതില്‍ കേരളത്തെ ഒഴിവാക്കണമെന്നതാണ് പ്രമേയത്തില്‍ ആവശ്യപ്പെടുക.

സംസ്ഥാനത്തെ ജനവാസ മേഖലകളെയും ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടാണ് സുപ്രിംകോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. യുഡിഎഫ്-യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രിംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here