Mukhtar Abbas Naqvi : മുക്താര്‍ അബ്ബാസ് നഖ് വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ?

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മുക്താർ അബ്ബാസ് നഖ് വി എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ മമതയുടെ എതിർപ്പ് അംഗീകരിച്ച് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ് വന്ദ് സിൻഹ പശ്ചിമബംഗാളിൽ പ്രചരണത്തിന് പോകേണ്ടെന്ന് തീരുമാനിച്ചതായി സൂചന.

പ്രവാചകനെ അവഹേളിച്ച നൂപൂർ ശർമ്മയുടെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങൾ, മുസ്ളീം ന്യൂനപക്ഷങ്ങൾക്ക് നേരെ കടന്നാക്രമണമെന്ന പ്രവചനങ്ങൾ. ഇതൊക്കെ രാജ്യത്തിൻറെ പ്രതിഛായയെ ബാധിച്ച സാഹചര്യമാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് മുക്താർ അബ്ബാസ് നഖ് വിയുടെ സാധ്യത കൂട്ടുന്നത്.

ആഗോളതലത്തിലെ പ്രതിഛായ നഷ്ടം പരിഹരിക്കാനൊപ്പം ന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തി മറികടക്കാനും ഇത് സഹായിക്കുമെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ശേഷം ഇന്നലെ മുക്താർ അബ്ബാസ് നഖ് വി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയല്ലെങ്കിൽ നഖ് വിയെ ജമ്മുകശ്മീരിൻറെ പുതിയ ലെഫ് ഗവർണറായി നിയമിക്കുമെന്ന സൂചനകളും ഉണ്ട്. ഈമാസം 19നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകേണ്ട അവസാന തീയതി. അതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിൻറെയും പ്രതിപക്ഷ സ്ഥാനാര‍്ത്ഥി യശ് വന്ദ് സിൻഹയുടെയും സംസ്ഥാനങ്ങളിലെ പ്രചരണം തുടരുകയാണ്. പ്രചരണത്തിനായി പ്രതിപക്ഷ സ്ഥാനാർത്ഥി യശ് വന്ദ് സിൻഹ ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തതായി സൂചനയുണ്ട്.

ദ്രൗപതി മുർവിനെ പിന്തുണക്കുന്നത് പരിശോധിക്കുമെന്ന് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്രൗപതി മുർവുവിൻറെ സ്ഥാനാർത്ഥിതത്വത്തെ എതിർക്കുന്നത് രാഷ്ട്രീയമായി തൃണമൂൽ കോൺഗ്രസിന് ഗുണം ചെയ്യുന്നില്ലെന്നാണ് മമതയുടെ വിലയിരുത്തൽ. മമതയുടെ എതിർപ്പ് അംഗീകരിച്ച് മുൻ തൃണമൂൽ നേതാവ് കൂടിയായ യശ് വന്ദ് സിൻഹ ബംഗാൾ യാത്ര ഉപേക്ഷിക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here