PA Muhammed Riyas: ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

ആക്കുളം കായൽ സംരക്ഷണത്തിനായി 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ്(PA Muhammed Riyas) റിയാസ്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്രോതസ്സായ ആക്കുളം കായലിന്‍റെ പുനരുജ്ജീവനത്തിന് മന്ത്രിസഭായോഗത്തില്‍ അംഗീകാരമായതായും ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണര്‍വ്വേകുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആക്കുളം കായലിന് പുതുജീവന്‍
96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി..

തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്ത്രോതസ്സായ ആക്കുളം കായലിന്‍റെ പുനരുജ്ജീവനത്തിന് മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണര്‍വ്വേകുന്നതാണ് ഈ തീരുമാനം.

ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. എന്നാല്‍ ഇന്ന് നടപ്പാതകള്‍ തകര്‍ന്ന്, ആഫ്രിക്കന്‍ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിന്‍റെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്. പരിതാപകരമായ ഈ അവസ്ഥയില്‍ നിന്നും കായലിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. മുന്‍ ടൂറിസം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഇൗ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് മുന്‍കയ്യെടുത്തത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്‍റെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിന്‍റെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതില്‍ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

2 വര്‍ഷത്തെ കാലാവധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വര്‍ഷത്തേക്ക് പരിപാലന ചുമതല കൂടി ഏല്‍പിച്ചു കൊണ്ടാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കായലിലെ ഫ്ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യല്‍, ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്‍, കായലിന്‍റെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകള്‍, എന്‍ട്രന്‍സ് പ്ലാസ, ഫുഡ് കോര്‍ട്ട്, റെയില്‍ ഷെല്‍ട്ടര്‍ വെറ്റ് ലാന്‍റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഇരിപ്പിടം, ഓപ്പണ്‍ ജിം, ബയോ ഫെന്‍സിംഗ്, ടോയ് ലറ്റ്, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. കൂടാതെ ഇവിടെ ബോട്ടിങ് ആരംഭിക്കുകയും സാഹസിക വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ മാലിന്യവും പായലും നിറഞ്ഞു ശ്വാസം മുട്ടുന്ന ആക്കുളം കായലിന് ശാപമോക്ഷം ലഭിക്കുകയാണ്. ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News