R Bindu: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം; മന്ത്രി ആര്‍ ബിന്ദു

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിച്ചെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). 7 മാസത്തെ പരിശീലനം, താമസം, ഭക്ഷണം ഉള്‍പ്പെടെ രണ്ടേകാല്‍ ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ, പൈലറ്റാവാന്‍ ദക്ഷിണാഫ്രിക്കയില്‍ പഠിച്ച് ലൈസന്‍സ് നേടിയിട്ടും രാജ്യത്തെ വ്യോമയാന ഡയറക്ടറേറ്റുമായി നിയമപോരാട്ടത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതനായിരിക്കുന്ന ആഡം ഹാരിയ്ക്കും സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ആഡം ഹാരിയ്ക്കും പ്രവീണ്‍ നാഥിനും, സമാനമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ട്രാന്‍സ് ജനതക്കാകെയും, സാമൂഹ്യനീതിവകുപ്പിന്റെ സ്‌നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചു കൊണ്ടാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വൈമാനികനാവാനുള്ള ആഗ്രഹത്തിന് നൂറു തടസ്സങ്ങള്‍ ഉയര്‍ന്നുവരുന്ന ആഡം ഹാരിയുടെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവില്‍, ആഹ്‌ളാദകരമായ വേറൊരിടപെടലിന് സാധിച്ചത് സന്തോഷം നല്‍കുന്നു. ട്രാന്‍സ്‌ഫോബിയ എത്രക്ക് തീവ്രമായാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ട്രാന്‍സ് മെന്‍ വിഭാഗം അതില്‍ പ്രത്യേകം അനുഭവിക്കുന്ന യാതന എന്തെന്നും മനസ്സിലാക്കിപ്പിക്കുന്ന രണ്ടനുഭവങ്ങള്‍.
പൈലറ്റാവാന്‍ ദക്ഷിണാഫ്രിക്കയില്‍ പഠിച്ച് ലൈസന്‍സ് നേടിയിട്ടും രാജ്യത്തെ വ്യോമയാന ഡയറക്ടറേറ്റുമായി നിയമപോരാട്ടത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ആഡം ഹാരി. 2019ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണകൊണ്ട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ എന്റോള്‍ ചെയ്യാന്‍ സാധിച്ച ആഡം ഹാരിയ്ക്ക് ഹോര്‍മോണ്‍ തെറാപ്പി നടന്നുകൊണ്ടിരിക്കുന്നുവെന്ന കാരണത്താല്‍ വ്യോമയാന ഡയറക്ടറേറ്റ് ക്ലിയറന്‍സ് നിഷേധിച്ചിരിക്കുകയാണ്.

ട്രാന്‍സ് ജനതയുടെ ജീവിതായോധനത്തെ സഹായിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ക്കുള്ള ദുഃഖകരമായ അപര്യാപ്തതയുടെ കൂടി ദുരന്തമാണ് ആഡം ഹാരി നേരിടുന്നത്. വേറൊരു തരത്തില്‍ ഇതേ ദുരന്താനുഭവം നേരിട്ടുവെങ്കിലും ഒരു തടസ്സം തട്ടിനീക്കാന്‍ സാധിച്ചിരിക്കുകയാണ് പാലക്കാട് നെന്മാറയിലെ മറ്റൊരു ട്രാന്‍സ് മാനായ പ്രവീണ്‍ നാഥിന്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെടാന്‍ സാധിച്ചിരുന്ന പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനാണ് ഇപ്പോള്‍ പ്രയാസം വന്നത്. കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക മത്സരം കൊണ്ടുവരാന്‍ കഴിഞ്ഞവര്‍ഷം ആദ്യമായി തീരുമാനിച്ചതുകൊണ്ട് ആദ്യം തൃശൂര്‍ ജില്ലയിലും തുടര്‍ന്ന് സംസ്ഥാനതലത്തിലും പ്രവീണ്‍ നാഥിന് സ്വര്‍ണ്ണം നേടാനായി. മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലും അങ്ങനെ പ്രവീണ്‍ നാഥ് ഇടംപിടിച്ചു.
ദേശീയതലത്തിലെ മത്സരത്തിനിറങ്ങാന്‍ സാമ്പത്തികമായിരുന്നു പ്രവീണ്‍ നാഥിനു മുന്നിലുണ്ടായ തടസ്സം.

ശ്രദ്ധയില്‍പ്പെട്ടതും, ആ തടസ്സം നീക്കാന്‍ കഴിഞ്ഞുവെന്നതില്‍ എത്രയും സന്തോഷിക്കുന്നു. ഭക്ഷണം,താമസം, പരിശീലകരുടെ ഫീസ് തുടങ്ങിയവ ഉള്‍പ്പെടെ ഒരു മാസത്തേക്ക് 32,000 രൂപ നിരക്കില്‍ ഏഴുമാസത്തേക്കുള്ള പണം (2,24,000 രൂപ) പ്രവീണിന് അനുവദിച്ച് ഉത്തരവിട്ടു.
ആഡം ഹാരിയുടെ കാര്യത്തില്‍, ഇന്ത്യയില്‍ വിമാനം പറത്താനുള്ള യോഗ്യത അവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. യുഎസും ദക്ഷിണാഫ്രിക്കയും പോലുള്ള രാഷ്ട്രങ്ങള്‍ സ്ത്രീ-പുരുഷ ലിംഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കും വൈമാനിക ലൈസന്‍സ് കൊടുക്കുന്നുമുണ്ട്. ഇവ ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ മാനദണ്ഡങ്ങളും പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആഡം ഹാരിയുടെ ആലോചനയെന്നറിയുന്നു.
അക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഭരണസംവിധാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശകമാവും. നിയമപോരാട്ടം ലക്ഷ്യത്തിലെത്തും വരെ ജീവിതം മാറ്റിവെക്കുന്നത് നല്ലതല്ലാത്ത സ്ഥിതിക്ക്, ദക്ഷിണാഫ്രിക്കയില്‍ തുടര്‍പഠനത്തിനു പോകാന്‍ സഹായിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉചിതമായനടപടി കൈക്കൊള്ളും. കേന്ദ്രസര്‍ക്കാരുമായിക്കൂടി ആശയവിനിമയം നടത്തും. ആഡം ഹാരിയ്ക്കും പ്രവീണ്‍ നാഥിനും, സമാനമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ട്രാന്‍സ് ജനതക്കാകെയും, സാമൂഹ്യനീതിവകുപ്പിന്റെ സ്‌നേഹവും ഐക്യദാര്‍ഢ്യവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News