GST: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷംകൂടി തുടരണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി(GST) നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂണ്‍ അവസാനവാരം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തില്‍ പ്രധാന മന്ത്രിയുടെ അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോള്‍ മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം അഞ്ചുവര്‍ഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂണ്‍ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വിദഗ്ധസമിതി ശുപാര്‍ശയെങ്കിലും നിലവില്‍ തുല്യമായാണ് ജിഎസ്ടി വരുമാനം വീതിക്കപ്പെടുന്നത്. ജിഎസ്ടിക്ക് ശേഷം സംസ്ഥാനങ്ങളുടെ അടിസ്ഥാന വാറ്റ് നികുതി നിരക്ക് 14.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞു. സംസ്ഥാനങ്ങളനുഭവിക്കുന്ന ഈ നികുതിനഷ്ടങ്ങള്‍ക്ക് പരിഹാരമായാണ് ജിഎസ്ടി നഷ്ടപരിഹാരം വിഭാവനം ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ഇടിവുസംഭവിച്ചിട്ടുണ്ട്. മഹാമാരിക്ക് മുന്‍പുള്ള രണ്ടു വര്‍ഷവും കേരളം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചിരുന്നു. ഈ അവസ്ഥയിലും കടമെടുപ്പുപരിധിയില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പൊതു വിപണിയില്‍ നിന്നും വായ്പയെടുക്കുന്നതിലെ ചരട് വ്യവസ്ഥകള്‍ കാരണം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട നികുതിവരുമാനം കുറഞ്ഞു വരികയാണ്. കേരളത്തിനുള്ള റവന്യു കമ്മി ഗ്രാന്റും 2024-25 നകം അവസാനിക്കാന്‍ പോവുകയുമാണ്.

ഈ സാഹചര്യത്തില്‍ ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അഞ്ചുവര്‍ഷംകൂടി തുടരണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News