
ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഒമാന്‍ സുല്‍ത്താന്‍ ജയിലില്‍ നിന്നും മോചനം അനുവദിച്ച 308 തടവുകാരില്‍ രണ്ടു മലയാളികളും. കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്‍ ആണ് ഇതില്‍ ഒരാള്‍.
ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യമാണ് സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്റെ മോചനം. ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകനായ പി എം ജാബിറിന്റെ നേതൃത്വത്തില്‍ നിരവധി ശ്രമങ്ങള്‍ ഇതിനായി നടത്തിയിരുന്നു. സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്റെ മോചനവുമായി ബന്ധപ്പെട്ടു പി എം ജാബിര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.
ഹൃദയഹാരിയായ ഈ കുറിപ്പ് വായിക്കാം.
അതെ. ഗോപാലകൃഷ്ണന്‍ മോചിതനാവുന്നു. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം.
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയുന്നു.
വിവരം പങ്കു വെക്കുമ്പോള്‍ പ്രിയ ഒരേ സമയം കരയുകയും ചിരിക്കുകയുമായിരുന്നു. അവരുടെ ഇരുപത്തൊന്നു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു.
ജയിലില്‍ നിന്നും വിളിക്കുമ്പോഴൊക്കെ ഗോപാലകൃഷ്ണന്‍ തിരക്കും ‘സാറേ എന്തായി’? തനിക്കു ശേഷം വന്നവരൊക്കെ മോചിതരായിരിക്കുന്നു. തന്റെത് മാത്രം നീണ്ടു പോകുന്നു. എന്നിട്ടും അയാള്‍ പ്രതീക്ഷ കൈവിട്ടില്ല.
പ്രിയ പല തവണ ദയാഹരജികള്‍ നല്‍കി. അമ്പാസിഡര്‍മാര്‍ മാറി മാറി വന്നു. വിശേഷ ദിവസങ്ങളോടനുബന്ധിച്ച് മാപ്പു നല്‍കപ്പെടുന്നവരുടെ ലിസ്റ്റ് വരുന്നത് ആകാംക്ഷയോടെ കാത്തു നില്‍ക്കും. പ്രിയ വിളിക്കും ‘അദ്ദേഹത്തിന്റെ പേരുണ്ടോ സാറേ’? സഹോദരന്‍ ബിജുവിന്റെ കൂട്ടുകാരന്‍ ബിനു ചോദിക്കും ‘ഇത്തവണയും ഇല്ല, അല്ലേ സാറേ’?
ജയില്‍ നിലകൊള്ളുന്ന സുമായില്‍ പ്രദേശത്ത് താമസിക്കുന്ന ടോണി മുടങ്ങാതെ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചു വന്നു. ആ വലിയ മനുഷ്യ സ്‌നേഹിയുടെ സഹായത്താല്‍ പ്രിയയും മകളും ഈ കഴിഞ്ഞ റംസാന്‍ മാസത്തില്‍ ഒമാനിലെത്തി. അവരുടെ ജയിലിലെ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന ഭാര്യ, ജന്മം നല്‍കിയ പിതാവിനെ ആദ്യമായി കാണുന്ന മകള്‍… അവളിന്ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഫൈനല്‍ പരീക്ഷയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി. ഏറെ നേരം ഇമവെട്ടാതെ നോക്കി നിന്ന അച്ഛനോട് അവള്‍ക്ക് പറയാനേറെയുണ്ടായിരുന്നു. ജയില്‍ അധികാരികള്‍ ദയാപൂര്‍വ്വം സമയം അനുവദിച്ചു. ഒന്നല്ല, പത്തു ദിവസത്തിനുള്ളില്‍ മൂന്നു തവണ. പുണ്യമാസം അവസാനിക്കുന്നു. ഈദ് അവധി തുടങ്ങുമ്പോഴേക്കും അവര്‍ നാട്ടിലേക്ക് തിരിച്ചു പോയി. വളരെയേറെ പ്രതീക്ഷകളോടെ. തങ്ങളുടെ സന്ദര്‍ശനം അദ്ദേഹത്തിന്റെ മോചനം വേഗത്തിലാക്കാന്‍ സഹായിക്കും എന്ന വിശ്വാസത്തോടെ. അവര്‍ നാട്ടിലെത്തി മൂന്നാം ദിവസം ഈദ് അല്‍ ഫിത്ര്‍. പ്രിയ മെസ്സേജയച്ചു. ‘ഈദ് മുബാറക്’.
ജൂലൈ ആറ് ബുധനാഴ്ച. മൂന്നു ദിവസം കഴിഞ്ഞാല്‍ ഈദ് അല്‍ അദ്ഹ. രാവിലെ ബിനുവിന്റെയും പ്രിയയുടെയും ഫോണ്‍. സാറേ അദ്ദേഹത്തിന്റെ പേര് ഇത്തവണത്തെ ലിസ്റ്റില്‍ ഉണ്ടെന്ന് വികാസ് വിളിച്ചറിയിച്ചു. ഒന്നു തിരക്കാമോ? സന്തോഷം കൊണ്ടു തുള്ളിച്ചാടണമെന്ന് തോന്നി. എമ്പസ്സിയില്‍ ഇര്‍ഷാദ് സാറിനെ വിളിച്ചു. അവര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ടോണിയെ വിളിച്ചു. കണ്‍ഫേം ചെയ്യാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. അല്‍പം കഴിഞ്ഞ് തിരിച്ചുവിളിച്ചു. ഇക്കാ ശരിയാണ്. ഗോപാലകൃഷ്ണന്‍ വിളിച്ചു. ഇക്കയെ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു നാട്ടിലാണെന്ന്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വേറൊരു ജയിലിലോട്ട് മാറ്റിയെന്നു പറഞ്ഞു. ഇനി എല്ലാം നമുക്ക് വേഗത്തിലാക്കാം’.
ഉച്ച കഴിഞ്ഞ് ഗിരീഷിന്റെ കോള്‍. ”ജാബിര്‍ക്കാ, ഗോപാലകൃഷ്ണന്‍ വിളിച്ചിരിന്നു. ങ്ങളെ ഫോണ്‍ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞു. ഇര്‍ഷാദ് സാര്‍ പറഞ്ഞു ങ്ങളെ മെസ്സേജുണ്ടായിരുന്നു എന്ന്’.
ഗോപാലകൃഷ്ണന് വൈകാതെ നാട്ടിലെത്താനാകും. അയാളുടെ മാതാപിതാക്കള്‍ ഇന്നില്ല. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ മരണപ്പെട്ടു. മകന്റെ മോചനവും കാത്ത് കണ്ണീര്‍ വറ്റി കഴിഞ്ഞ വര്‍ഷം അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ചെട്ടിക്കുളങ്ങരയിലെ ആ വീട്ടില്‍ പ്രിയയും മകളും ഗോപാലകൃഷ്ണനെ കാത്തിരിപ്പുണ്ട്. ഈദ് അവധി കഴിയുന്നതോടെ യാത്രാരേഖകള്‍ തയ്യാറായാല്‍ അദ്ദേഹം നാട്ടിലെത്തും.
എന്റെ ഒമാനിലെ ജീവിതം മതിയാക്കുന്നതിന് മുമ്പു ഗോപാലകൃഷ്ണന്‍ മോചിപ്പിക്കപ്പെടണേ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അതിതാ സഫലമായിരിക്കുന്നു.
അദ്ദേഹത്തിന് മാപ്പു നല്‍കിയ ആദരണീയനായ ഒമാന്‍ ഭരണാധികാരി ഹിസ് മെജസ്റ്റി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സൈദിന്റെ ദയാവായ്പിന് മുന്നില്‍ കൈകൂപ്പുന്നു.
ഗോപാലകൃഷ്ണന്റെ മോചനത്തിനായുള്ള എന്റെ ശ്രമം ആരംഭിച്ചതിനു ശേഷം ഒമാനിലെ ഇന്ത്യന്‍ എമ്പസ്സിയില്‍ നാലു അമ്പാസിഡര്‍മാര്‍ മാറി. എല്ലാവരും സഹകരിച്ചു. അവരുടെ ഉദ്യോഗസ്ഥരും. റഹീം ഉള്‍പ്പെടെയുള്ള മുന്‍ ഉദ്യോഗസ്ഥരും.
ഞങ്ങള്‍ക്കിത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സഫലീകരണത്തിന്റെയും നിമിഷങ്ങള്‍. എനിക്ക് മാത്രമല്ല, പ്രിയയുടെ സഹോദരന്‍ ബിജുവിന്, അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബിനുവിന്, ടോണിയ്ക്ക്, കടഇ ചാരിറ്റി വിങ്ങിലെ സഹപ്രവര്‍ത്തകര്‍ ആനി, രഷ്‌ന, ലിന്നെറ്റ്, ആസാവരി, നളിനി, രാജീവ്…(ബ്രിജിറ്റും പത്മിനിയും ഏറെ ആഗ്രഹിച്ചതാണീ മോചനം. അവര്‍ ഒമാന്‍ വാസം അവസാനിപ്പിച്ച് തിരിച്ചു പോയിരിക്കുന്നു). ഓരോ വിശേഷാവസരങ്ങളിലും ആകാംക്ഷയോടെ തിരക്കിയ നൂര്‍ജഹാന്‍ ടീച്ചര്‍ക്ക്, പുരുഷുവിന്,.കലാ പുരുഷുവിന്, പ്രസന്നന്……
ഞാന്‍ ആദ്യം വൈലാനയോടൊപ്പവും പിന്നീട് ഷഹനയോടൊപ്പവും പ്രിയയെ കാണാന്‍ പോയപ്പോള്‍ സഹോദരന്റെ കൂടെ കായംകുളത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ചെട്ടിക്കുളങ്ങരയില്‍.
ഗോപാലകൃഷ്ണന്‍ എത്തുന്നു എനിക്കിനി
ചെട്ടിക്കുളങ്ങര സന്ദര്‍ശിക്കാന്‍ ധൃതിയായി.
ത്യാഗ സ്മരണ പുതുക്കുന്ന ഈദ് അല്‍ അദ്ഹയുടെ വേളയിലാണ് ഗോപാലകൃഷ്ണന്‍ ജയില്‍ മോചിതനാകാന്‍ പോകുന്നത്.
എല്ലാവര്‍ക്കും ദയയുടെ, കരുണയുടെ, ക്ഷമയുടെ, സ്‌നേഹത്തിന്റെ ഈദ് മുബാറക്.
ജാബിര്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here