ഒളിമ്പ്യന് വധു ഇന്തോനേഷ്യക്കാരി; ആകാശ്- സെന്ദരി വിവാഹം ഇന്ന്

ഒളിമ്പ്യന്‍ ആകാശ് എസ്. മാധവന് ജീവിതപങ്കാളിയായി ഇന്തോനേഷ്യക്കാരി(Indonesia). ദേവി സിതി സെന്ദരിയുമായുള്ള ആകാശിന്റെ വിവാഹം ഇന്നാണ്. പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സില്‍ 2013, 2017 വര്‍ഷങ്ങളില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ ആകാശ് മാധവന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു കായികമത്സരത്തിനിടെയാണ് സെന്ദരിയെ ആകാശ് പരിചയപ്പെട്ടത്. പിന്നീട് സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ കൂടുതലടുത്തത്. വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം വിവാഹബന്ധത്തിലുമെത്തി.

ഇന്തോനേഷ്യയില്‍ ഒരു നിര്‍മാണക്കമ്പനിയില്‍ അക്കൗണ്ടന്റാണ് സെന്ദരി. ആകാശിന് പെരിന്തല്‍മണ്ണയില്‍ ആയുര്‍വേദിക്, സൗന്ദര്യവത്കരണഉത്പന്നങ്ങളുടെ കച്ചവടമാണ്. ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹര്‍ടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. വ്യാഹു, ദിവി എന്നിവര്‍ സഹോദരങ്ങളാണ്.

മേലാറ്റൂര്‍ ഇടത്തളമഠത്തില്‍ സേതുമാധവന്‍ – ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവന്‍. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് താലികെട്ട്. തുടര്‍ന്ന് മേലാറ്റൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം. ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് സെല്‍ കണ്‍വീനര്‍ കൂടിയാണ് ആകാശ് മാധവന്‍.

2013-ല്‍ അമേരിക്കയില്‍ നടന്ന ഡ്വാര്‍ഫ് ഒളിമ്പിക്സില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ല്‍ കാനഡയില്‍ നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here