അപ്പു ഓടി, കള്ളന്മാര്‍ പിടിയില്‍; താരമായി പൊലീസ് നായ

ഏറ്റുമാനൂര്‍ പോലീസില്‍(Ettumanoor police) ഇപ്പോള്‍ അപ്പുവാണ് താരം. കോട്ടയം കെ9 സ്‌ക്വാഡിലെ പോലീസ് നായയാണ് അപ്പു എന്ന് വിളിപ്പേരുളള രവി. ഡോഗ് നമ്പര്‍ 268. നീണ്ടൂര്‍ എസ്.കെ.വി ഹൈസ്‌കൂളില്‍ നടന്ന മോഷണമാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് ലാപ്‌ടോപ്പ്, ഒരു വെബ്ക്യാം, ഒരു ഡിജിറ്റല്‍ ക്യാമറ എന്നിവ സ്‌കൂളില്‍ നിന്ന് മോഷണം പോയത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു.

തൊട്ടടുത്ത ദിവസം രാവിലെ സ്‌കൂളിന് എതിര്‍വശത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററിനായി വാടകയ്‌ക്കെടുത്തിരുന്ന മുറി വൃത്തിയാക്കാനായി എത്തിയ അധ്യാപകന്‍ ശുചിമുറിയില്‍ ഒരു ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കാണപ്പെട്ട വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം കെട്ടിടം പരിശോധിച്ചപ്പോള്‍ മുകളിലത്തെ മുറിയില്‍ നിന്ന് മറ്റൊരു ലാപ്‌ടോപ്പും കണ്ടെത്തി. അതേ മുറിയില്‍ തറയില്‍ തുണിവിരിച്ചിട്ടതായും കണ്ടെത്തി.

അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്ന അപ്പു അവിടെ നിന്ന് ലഭിച്ച തുണിയില്‍ മണം പിടിച്ച് ആദ്യം ശുചിമുറിയിലേയ്ക്കും തുടര്‍ന്ന് ഇടവഴിയിലേയ്ക്കും കുതിച്ചു. പോലീസ് പിന്നാലെയും. ഒന്നര കിലോമീറ്ററോളം ഓടിയ അപ്പു ഡെപ്യൂട്ടി കവലയ്ക്ക് സമീപമുളള വീടിന് മുന്നില്‍ കുരച്ചുകൊണ്ട് നിലയുറപ്പിച്ചു.

പോലീസ് സംഘത്തെയും നായയെയും കണ്ടതോടെ വീട്ടില്‍ നിന്ന് ചിലര്‍ ഇറങ്ങിയോടി. നായയുള്‍പ്പെടെ പോലീസ് സംഘം രണ്ട് കിലോമീറ്ററോളം പിന്നാലെ ഓടി ഇവരെ പിടികൂടി. സ്‌കൂളില്‍ നിന്ന് നഷ്ടപ്പെട്ട മറ്റ് സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നീണ്ടൂര്‍ സ്വദേശികളായ ധനുരാജ്, അരവിന്ദ രാജു എന്നിവരാണ് പോലീസ് പിടിയിലായത്.

ഏറ്റുമാനൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ്.കെ.കെ, എ.എസ്.ഐമാരായ ഷിനോയ് മോന്‍, മനോജ് കുമാര്‍, സി.പി.ഒ പ്രവീണ്‍.കെ.നായര്‍, ഡോഗ് ഹാന്റ്‌ലര്‍മാരായ സുനില്‍കുമാര്‍.സി.ജി, സജികുമാര്‍. എസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് കാടുപിടിച്ച സ്ഥലത്തുകൂടി ഓടി പ്രതികളെ പിടികൂടിയത്.

ഏഴുവര്‍ഷമായി കോട്ടയം ജില്ലാ പൊലീസിന്റെ ഭാഗമാണ് അപ്പു. ലാബ്രഡോര്‍ ഇനത്തില്‍പെട്ട അപ്പു നിരവധി കേസുകളുടെ അന്വേഷണത്തില്‍ പോലീസിന് തുണയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News