Cloudburst: എന്താണീ മേഘവിസ്‌ഫോടനം? കാരണമറിയാം

ജമ്മുകശ്മീരിലെ അമര്‍നാഥ്(Amarnath) ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഇതിനോടകം 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എണ്ണം ഉയരുമോ എന്നകാര്യത്തില്‍ നിലവില്‍ ആശങ്കയുണ്ട്. കാണാതായ 40 ഓളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.

മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

എന്താണ് മേഘസ്‌ഫോടനം?

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്‌ഫോടനം (Cloud burst) എന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

മേഘസ്‌ഫോടനത്തിനു കാരണമെന്ത്? വിദഗ്ധര്‍ പറയുന്നതെന്ത്?

മേഘങ്ങളില്‍ തന്നെ വലിപ്പ – ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാര്‍ത്ഥത്തില്‍ മേഘസ്‌ഫോടനമുണ്ടാക്കുന്നത്. എന്നാല്‍, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്‌ഫോടനമുണ്ടാക്കുന്നില്ല. മേഘസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. താഴെ ക്ലാസ്സുകളില്‍ പഠിച്ചതനുസരിച്ച്, ഈര്‍പ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങള്‍ രൂപപ്പെടുന്നത്. അവയില്‍ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍, അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവയെത്തുന്നു.

ഇങ്ങനെയുണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളില്‍, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതുകാരണം ഈര്‍പ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങള്‍ ഭൂഗുരുത്വാകര്‍ഷണത്തില്‍ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങള്‍, കൂടുതല്‍ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോള്‍ അന്തരീക്ഷതാപനില ഉയര്‍ന്നതായതിനാല്‍ മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയില്‍ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News