സ്‌കൂൾ മുറ്റത്ത് കുര കേട്ട് ഞെട്ടി ആർദ്ര : കാണാതായ പോപ്പി നായ ദേ മുന്നിൽ

ആർദ്ര എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയും പോപ്പി എന്ന നായയും ആണ് ഇന്ന് വാർത്തയിൽ ഇടം നേടിയിരിക്കുന്നത് . നിര്‍ത്താതെയുള്ള കുര കേട്ടാണ് ആര്‍ദ്ര ബിനോയി 10 സി ക്ലാസ് മുറിയുടെ വാതുക്കല്‍ നിന്നെത്തിനോക്കിയത്. നായയെ കണ്ടതും ആര്‍ദ്ര ഒരു നിമിഷം പകച്ചുപോയി.

കാണാതായ തന്റെ അരുമയായ ‘പോപ്പി’യെന്ന വെളുത്തനിറമുള്ള ഓമന നായ, ക്ലാസ് മുറിയ്ക്ക് മുന്നില്‍നില്‍ക്കുന്നു. എന്താ ചെയ്യേണ്ടതെന്ന് ഒരു പിടീം കിട്ടീല്ലായെന്ന് ആര്‍ദ്ര. അപ്രതീക്ഷിതമായി നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് എല്ലാ അധ്യാപകരും കുട്ടികളും മറ്റ് ക്ലാസ് മുറികളില്‍നിന്ന് ഓടിയെത്തി. സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍.

കുറച്ചുദിവസം മുന്‍പാണ് പോപ്പിയെ അമയന്നൂര്‍ കൊട്ടുവിരുത്തിയില്‍ വീട്ടില്‍നിന്ന് കാണാതായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍ദ്രയ്‌ക്കൊപ്പം രാവിലെ സ്‌കൂളിലേയ്ക്കുള്ള യാത്രയില്‍ അമയന്നൂര്‍ കവലയിലെ ബസ് സ്റ്റോപ്പ് വരെ പോപ്പിയും പുറകെയുണ്ടാകും. ആര്‍ദ്ര ബസില്‍ കയറിയാല്‍ പോപ്പി തിരികെ വീട്ടിലേയ്ക്കും പോകും. നാലുദിവസം മുന്‍പ് ഇത്തരത്തില്‍ ഒപ്പംപോയ പോപ്പി തിരികെ വീട്ടില്‍ ചെന്നില്ല. വൈകീട്ടായിട്ടും തങ്ങളുടെ അരുമനായയെ കാണാതായതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ചു.

അമ്മ അജിമോള്‍ ബിനോയിയും, അച്ഛന്‍ ബിനോയ് ജോസഫും നായയെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഈ തിരച്ചില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും നടത്തി. വീട്ടിലെ ഒരംഗത്തെപ്പോലെ കരുതിയ പോപ്പിയെ നഷ്ടപ്പെട്ടെന്ന് കരുതി. അങ്ങനെയാണ് നാലാംദിവസം വിശന്നുവലഞ്ഞ് മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളിന്റെ പടികടന്ന് പോപ്പിയെത്തിയത്. നേരെ 10 സി ക്ലാസിന്റെ മുന്നിലേയ്ക്ക്. പിന്നെ നിര്‍ത്താതെയുള്ള കുരയായിരുന്നു. ആര്‍ദ്രയുടെ കാണാതായ നായയാണ് എത്തിയതെന്ന് അറിഞ്ഞപ്പോള്‍ ചുറ്റും കൂടിയവര്‍ക്കെല്ലാം ആശ്ചര്യം. ഇരുവരുടെയും നാല് നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലും സ്‌നേഹപ്രകടവും ചുറ്റുംകൂടിയവര്‍ ഫോണില്‍ പകര്‍ത്തി.

ആര്‍ദ്ര ഉടന്‍ അമ്മയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. അച്ഛന്‍ സ്‌കൂളിലെത്തി. ഓട്ടോയില്‍ കയറ്റി പോപ്പിയെ വീട്ടിലെത്തിച്ചു. വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരമുള്ള സ്‌കൂളിലേയ്ക്ക് പോപ്പി എങ്ങനെയെത്തിയെന്ന് ഇപ്പോഴും ആര്‍ദ്രയ്ക്ക് പിടിയില്ല. സഹജീവികളോടുള്ള സ്‌നേഹവും കരുതലും ഈ സ്‌കൂളിലെ കുട്ടികള്‍ ജീവിതത്തില്‍ വളര്‍ത്തിയെടുക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ആര്‍ദ്രയുടേതെന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ മേരി റോസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here