Srilanka; ലങ്ക കത്തുന്നു; പ്രതിഷേധത്തിൽ 33 പേർക്ക് പരിക്ക്, കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പിടിച്ചെടുത്തു

ശ്രീലങ്കയിൽ സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാൽ കണ്ണീർ വാതകം നിർവീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികൾ എത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍, ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. വസതിയിലെ കിടപ്പുമുറിയും അടുക്കളയും പ്രക്ഷോഭകര്‍ കയ്യേറി. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടു. ഗോത്തബയ രാജ്യം വിട്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസിഡന്‍റ് സൈനിക ആസ്ഥാനത്തുണ്ടെന്നും ചില സൂചനകളുണ്ട്.

ലങ്കയില്‍ പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു. പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി സ്പീക്കർക്ക് കത്ത് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News