Srilanka; ഗോതബായ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്; അടിയന്തര യോഗംവിളിച്ച് ലങ്കന്‍ പ്രധാനമന്ത്രി

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ (Srilanka) ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ (Ranil Wickremesinghe) രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ (Gothabaya Rajapakse) ഔദ്യോഗിക വസതി കയ്യേറി പ്രക്ഷോഭം കനത്തതോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.

അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലില്‍ ലങ്കന്‍ തീരത്തുതന്നെയുള്ള പ്രസിഡന്റ് നിലവിലെ കലുഷിതമായ സാഹചര്യം മാറിയാല്‍ മാത്രമേ കൊളംമ്പോയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. വിവിധ ഇടങ്ങളില്‍ റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളംമ്പോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. രാജ്യതലസ്ഥാനത്തെ റോഡുകളിലും പ്രധാനപ്പെട്ട ഇടങ്ങളിലുമെല്ലാം പ്രക്ഷോഭകരാല്‍ നിറഞ്ഞു. കൂടുതല്‍ പ്രക്ഷോഭകര്‍ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്.

പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകരെ തടയാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഭേദിച്ച് പ്രക്ഷോഭകര്‍ വസതി കയ്യേറുകയായിരുന്നു. രണ്ട് പോലീസുകാര്‍ അടക്കം 33 പേര്‍ക്ക് പ്രക്ഷോഭത്തില്‍ പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭത്തില്‍ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ, കുമാര്‍ സംഗക്കാര, മഹേള ജയര്‍ധനെ എന്നിവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 15 ഓളം എംപിമാര്‍ പ്രസിഡന്റിനെതിരേ രംഗത്തെത്തി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തല്‍സ്ഥാനത്തുനിന്ന് മാറി പുതിയ ഭരണസംവിധാനം വരണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News