Heavy Rain; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കനത്തമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

സംസ്ഥാനത്ത് മഴ (Rain) കനക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്.

ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലെർട്ടും (Orenge Alert) വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലെർട്ടുമാണുള്ളത് (Yellow Alert). നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിലെ ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്), ചന്ദ്രഗിരി (കാസർഗോഡ്), ചാലിയാർ (മലപ്പുറം), പുല്ലൻതോട് (പാലക്കാട്), പയസ്വിനി (കാസർഗോഡ്), ചാലക്കുടി (തൃശൂർ), ഷിറിയ (കാസർഗോഡ്), പെരിയാർ (എറണാകുളം), കണ്ണാടിപ്പുഴ (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കോതമംഗലം (എറണാകുളം) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കാണുന്നു. തെക്കൻ കേരളത്തിലെ നെയ്യാർ (തിരുവനന്തപുരം) നദിയിലെ ജലനിരപ്പും ഉയരുന്നതായി മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റിയാടി അണക്കെട്ടിന്റെയും പരിസരങ്ങളിൽ റെഡ് അലെർട്ട് നിലനിൽക്കുകയാണ്. തൃശൂരിലെ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളിൽ ഓറഞ്ച് അലെർട്ടാണുള്ളത്.

അതേസമയം, ജലസേചനത്തിനായുള്ള മീങ്കര,മംഗലം അണക്കെട്ടുകളുടെ പരിസരങ്ങളിൽ ബ്ലൂ അലെർട്ടും ഉണ്ട്. മലങ്കര (ഇടുക്കി), നെയ്യാർ (തിരുവനന്തപുരം), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), കാഞ്ഞിരപ്പുഴ (പാലക്കാട്), മീങ്കര (പാലക്കാട്), പീച്ചി (തൃശൂർ), മണിയാർ(പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), മംഗലം, മൂലത്തറ (പാലക്കാട്), പഴശ്ശി (കണ്ണൂർ) അണക്കെട്ടുകളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ സംഘങ്ങളെ വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here