
ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്ക(srilanka)യിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. കൂടാതെ പ്രസിഡന്റ് ഗോട്ടബായ രജപക്സെ രാജ്യം വിട്ടോ വിട്ടില്ലയോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
പ്രസിഡന്റ് വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചെത്തുന്നതിന് മുമ്പെ ഗോട്ടബായ അവിടെനിന്ന് വെളളിയാഴ്ച തന്നെ മാറിയിരുന്നു. പ്രതിഷേധം ശക്തമാകുമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഗോട്ടബായയുടെ ഈ നീക്കം. ഗോട്ടബായ രജപക്സെ നാവിക സേനയുടെ കപ്പലിൽ രാജ്യം വിട്ടെന്നും, സൈനിക ആസ്ഥാനത്ത് തുടരുകയാണെന്നുമുളള ആഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
കൊളംബോ തുറമുഖത്തെ ജീവനക്കാരനിൽ നിന്നു കിട്ടിയ വീഡിയോ പ്രസിദ്ധീകരിച്ച ന്യൂസ്ഫസ്റ്റ് എന്ന ശ്രീലങ്കൻ മാധ്യമം ലങ്കൻ നാവികസേനയുടെ ഗജബാഹു എന്ന കപ്പലിൽ പേരുവെളിപ്പെടുത്താത്ത വിഐപികൾ പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിലേക്കു വിഐപി വാഹനങ്ങൾ പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക് കയറ്റുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ ഓഫീസും ശ്രീലങ്കൻ സൈന്യവും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നു പറയുന്നു. ഗോട്ടബായ രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കാൻ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തയ്യാറായിട്ടില്ല. കപ്പൽ മാർഗമോ വിമാന മാർഗമോ ഗോട്ടബായ രജപക്സെ രാജ്യം വിട്ടിരിക്കാമെന്ന പ്രതീതി സൃഷ്ടിച്ച് ഏതെങ്കിലും സൈനിക കേന്ദ്രത്തിൽ തുടരുന്നുണ്ടാകാം എന്നും സംശയമുയരുന്നുണ്ട്.
പ്രസിഡൻ്റിന്റെ വസതി പിടിച്ചടക്കിയ പ്രക്ഷോഭകർ വസതിയിലെ പൂളിൽ നീന്തുന്നതും, ഭക്ഷണം കഴിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രസിഡൻ്റിന്റെ വസതി പിടിച്ചടക്കിയതിന് പിന്നാലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സ്പീക്കറുടെ വസതിയിൽ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു.
പിന്നാലെ റെനിൽ വിക്രമസിംഗെ രാജിവെക്കുകയും ചെയ്തു. ഇന്നലെ തന്നെ ഗോട്ടബായ രജപക്സെയും രാജിവെച്ചിരുന്നു. ശ്രീലങ്കൻ ഭരണഘടന പ്രകാരം സ്പീക്കർ മഹിന്ദ യാപ അബേവര്‍ധന താത്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ട്.
വൈകിട്ടോടെ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറിയ പ്രതിഷേധക്കാര്‍ വീടിന് തീവെക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here