Sri Lanka : ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതിയിൽ നിന്നും പ്രതിഷേധക്കാർ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്.പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറൻസി നോട്ടുകൾ എണ്ണുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശ്രീലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.റിപ്പോർട്ട് പ്രകാരം കണ്ടുകെട്ടിയ തുക പ്രതിഷേധക്കാർ സെക്യൂരിറ്റി യൂണിറ്റിന് കൈമാറിയിട്ടുണ്ട്. സ്ഥിതിഗതികൾ അന്വേഷിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്ന് അധികൃതർ പ്രതികരിച്ചു.

ശനിയാഴ്ചയായിരുന്നു നൂറുകണക്കിന് വരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ സെൻട്രൽ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകൾ തകർത്താണ് പ്രക്ഷോഭകർ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.

ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ രജപക്സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങൾ തല്ലിതകർത്തിരുന്നു. ഇതിനിടെ പ്രക്ഷോഭകർ വസതിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തൽക്കുളത്തിൽ കുളിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.കൊളംബോയിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെയായിരുന്നു ആയിരങ്ങൾ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്.

അതേസമയം, ഗോതബയ ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കറെ അറിയിച്ചതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രസിഡന്റ് രാജ്യം വിട്ടെന്ന തരത്തിൽ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി വിവരവും പുറത്തുവന്നത്.ഗോതബയ നിലവിൽ എവിടെയാണ് ഉള്ളതെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേരത്തെ തന്നെ രാജി വെച്ചിരുന്നു. ടൂറിസം മന്ത്രി ഹാരിൻ ഫെർണാണ്ടോ തൊഴിൽ വകുപ്പ് മന്ത്രി മാനുഷ നനയക്കര എന്നിവർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാജിക്ക് പിന്നാലെ റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകർ തീകൊളുത്തിയിരുന്നു. സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.നിലവിൽ 51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ ആദ്യ വിദേശകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News