വിംബിള്‍ഡണ്‍(Wimbledon) പുരുഷ സിംഗിള്‍സില്‍ കിരീടം നൊവാക് ജോക്കോവിച്ചിന്(Djokovic). ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് ജോക്കോവിച്ചിന്റെ വിജയം, സ്‌കോര്‍- 4-6,6-3,6-4,7-6 എന്നിങ്ങനെയാണ്. ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടവും. ഇതോടെ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും കഴിഞ്ഞു. എട്ട് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററാണ് ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരം.
മത്സരത്തിന്റെ തുടക്കത്തില്‍ കിര്‍ഗിയോസാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്‌കോര്‍ 2-2 ല്‍ നില്‍ക്കുമ്പോഴാണ് ജോക്കോവിച്ചിന് പിഴക്കുന്നത്. ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്ത് കിര്‍ഗിയോസ് മുന്നേറി. പിന്നീട് സര്‍വുകളില്‍ പിഴവു വരുത്താതെ കളിച്ച കിര്‍ഗിയോസ് ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി. എന്നാല്‍ ജോക്കോവിച്ച് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. രണ്ടാം സെറ്റ് ഉജ്വലമായി റാക്കേറ്റേന്തിയ താരം കിര്‍ഗിയോസിനെ നിഷ്പ്രഭമാക്കി. 6-3 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. സ്‌കോര്‍ 5-3 ല്‍ നില്‍ക്കെ കളിയില്‍ തിരിച്ചുവരാനുളള അവസരം കിര്‍ഗിയോസിന് ലഭിച്ചു. എന്നാല്‍ ബ്രേക്ക് പോയന്റുകളൊന്നും അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. ബ്രേക്ക് പോയന്റുകള്‍ അതിജീവിച്ച് ജോക്കോവിച്ച് രണ്ടാം സെറ്റ് കരസ്ഥമാക്കി.
മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. കിര്‍ഗിയോസിന്റെ സര്‍വുകള്‍ക്ക് മുന്നില്‍ പലപ്പോഴും ജോക്കോവിച്ച് പതറി. എന്നാല്‍ ജോക്കോവിച്ച് പരിചയസമ്പത്ത് ഉപയോഗിച്ച് റാക്കറ്റേന്തിയതോടെ കിര്‍ഗിയോസിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നാം സെറ്റ് 6-4 ന് ജോക്കോവിച്ച് നേടി. നാലാം സെറ്റിലും കടുത്ത പോരാട്ടം തന്നെ തുടര്‍ന്നു. ടൈബ്രേക്കറിലേക്കില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ജോക്കോവിച്ച് 7-3 ന് വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്. ഇതോടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമോഹവുമായി കളിക്കാനിറങ്ങിയ കിര്‍ഗിയോസ് നിരാശയോടെ മടങ്ങി. വിജയിച്ചിരുന്നെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന സീഡ് ചെയ്യപ്പെടാത്ത മൂന്നാമത്തെ താരമാവുമായിരുന്നു കിര്‍ഗിയോസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here