Mammootty : വിസ്മയിപ്പിച്ച് മമ്മൂട്ടി നടനം; ‘നന്‍പകല്‍ നേരത്ത് മയക്കം’ ടീസര്‍

സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) ആദ്യമായി മമ്മൂട്ടിക്കൊപ്പം (Mammootty) ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം (Nanpakal Nerathu Mayakkam). ചിത്രത്തിന്‍റെ ആദ്യ ടീസര്‍ മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു അണിയറക്കാര്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ ടീസറും പുറത്തെത്തിയിരിക്കുകയാണ്.

ആദ്യത്തേതില്‍ നിന്നും ഏറെ വ്യത്യസ്‍തമാണ് രണ്ടാം ടീസര്‍. ഒരു നാടന്‍ ചാരായ ഷാപ്പിന്‍റെ പശ്ചാത്തലത്തിലുള്ള സീന്‍ ആണ് ടീസറില്‍. സമീപത്തെ സിനിമാ തിയറ്ററില്‍ നിന്നോ ടെലിവിഷനില്‍ നിന്നോ മുഴങ്ങുന്ന ഒരു തമിഴ് സിനിമയിലെ നായക കഥാപാത്രത്തിന്‍റെ ഡയലോഗിനൊപ്പം അഭിനയിച്ച് തകര്‍ക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. ഒരു മിനിറ്റോളം നീളുന്ന ഒരു സിംഗിള്‍ സ്റ്റാറ്റിക് ഷോട്ട് ആണ് ടീസറില്‍ എന്നതും പ്രത്യേകതയാണ്.

മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here