Bhagyalakshmi: ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനല്‍ പ്രശസ്തമാകാന്‍ കളിച്ച കളി; ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിന്(Dileep) അനുകൂലമായ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ(R Srilekha) പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി(Bhagyalakshmi). ആര്‍ ശ്രീലേഖയുടെ നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വലിയ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

ഇതിന് പിന്നില്‍ ദിലീപിനെ രക്ഷപ്പെടുത്താനുള്ള കളിയാണോ അതോ പൊലീസിനകത്തെ പൊളിറ്റിക്സാണോ എന്നാണ് മനസിലാകാത്തത്. ഇവര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഇവര്‍ ദിലീപിനെ കാണാന്‍ പോയി. എന്നാല്‍ ഇത്രയും ഉന്നത സ്ഥാനത്ത് നിന്ന ഇവര്‍ക്ക് അതിജീവിതയെ ഒന്നുപോയി കണ്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മനസ് തോന്നിയില്ലല്ലോ ? റിട്ടയര്‍ ആയിട്ട് മൂന്നോ നാലോ വര്‍ഷമായി. ഈ നാല് വര്‍ഷത്തിനിടെ എന്തുകൊണ്ട് ഇവര്‍ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം പറയുകയോ, മുഖ്യമന്ത്രിക്ക് ഒരു പരാതി നല്‍കുകയോ ചെയ്യാതിരുന്നതെന്തുകൊണ്ടാണ്? ഇവരുടെ 75-ാം എപ്പിസോഡായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 75-ാം എപ്പിസോഡിന്റെ ആഘോഷമായി പറയേണ്ട കാര്യമാണോ ഇത്? ഇത്ര ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി സ്വന്തം യൂട്യൂബ് ചാനല്‍ പ്രശസ്തമാക്കാന്‍ കളിച്ച കളിയാണ് ഇപ്പോള്‍ ചെയ്തതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

സര്‍വീസ് കാലയളവില്‍ എത്ര പ്രതികളെ ആര്‍ ശ്രീലേഖ രക്ഷപ്പെടുത്തിക്കാണുമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പറയേണ്ട കാര്യങ്ങളും, ചെയ്യേണ്ട കാര്യങ്ങളും അപ്പപ്പോള്‍ ചെയ്യാതെ ഇപ്പോള്‍ യൂട്യൂബിലെ പുറത്ത് വിടുന്നതിന് പിന്നില്‍ വന്‍ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here