‘ബിജെപി നേതാവ് സ്നേഹം നടിച്ച് ഉപയോഗിച്ച ശേഷം തെറ്റുകാരിയാക്കി’; പാലക്കാട്ടെ മഹിളാമോര്‍ച്ചാ നേതാവിന്റെ ആത്മഹത്യാക്കുറിപ്പ്

മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ജീവനൊടുക്കിയതിന് പിന്നാലെ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവ് ഒളിവില്‍ പോയി. പ്രജീവിന് പങ്കുണ്ടെന്ന് കാണിച്ച് ശരണ്യ എഴുതിയ 13 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ പാലക്കാട് ഓപ്പണ്‍ലൈന്‍ യൂണിയന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് പ്രജീവ്. കത്തും ശരണ്യയുടെമൊബൈല്‍ ഫോണും നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആത്മഹത്യ കുറിപ്പ് ഇങ്ങനെ

”എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്നേഹം നടിച്ച് എന്നെ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. തെറ്റുകള്‍ രണ്ടുപേരും ചെയ്തു. എന്നാല്‍ എല്ലാ കുറ്റവും എന്റേത് മാത്രമാക്കി. അവന്റെ അഭിനയത്തില്‍ വിശ്വസിച്ച് പിന്നാലെ പോയതിനുള്ള സ്വയം ശിക്ഷയായാണ് മരണം ഏറ്റുവാങ്ങുന്നത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്”– കുറിപ്പില്‍ പറയുന്നു. പ്രജീവിന്റെ ഫോണ്‍ നമ്പറും കത്തിലുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് മാട്ടുമന്തയിലെ വാടക വീട്ടില്‍ ശരണ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ച് സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും ശരണ്യയുടെ ബന്ധുക്കളില്‍ നിന്ന് വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രജീവിനെ ശരണ്യ വീഡിയോ കോള്‍ ചെയ്തിട്ടുണ്ട്. ശരണ്യയുടെ ഭര്‍ത്താവിനോട് ആത്മഹത്യാ ശ്രമത്തെപ്പറ്റി വിളിച്ച് അറിയിച്ചതും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുന്നില്‍ നിന്നതും പ്രജീവാണ്. എന്നാല്‍ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതുമുതല്‍ ഇയാളെ കാണാതായി.പ്രജീവിന്റെ പേര് ആത്മഹത്യാ കുറിപ്പില്‍ വന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പ്രജീവും ശരണ്യയും തമ്മിലുള്ള സകാര്യ വീഡിയോ ഉണ്ടെന്നു പറഞ്ഞ് ശരണ്യയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം നേരത്തേ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതായും സൂചനയുണ്ട്. ശരണ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ചന്ദ്ര നഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

മകളുടെ ആത്മഹത്യ കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് ശരണ്യയുടെ അച്ഛന്‍ എം എസ് രാജന്‍ പറഞ്ഞു. ഉന്നത അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്ത് കൊണ്ടുവരണം. ഞായാറാഴ്ച ഉച്ചവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2.40 ന് വാട്ട്സ് ആപ് സ്റ്റാറ്റസൊക്കെ ഇട്ടിരുന്നു. വീട്ടില്‍ ശരണ്യ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അത് വ്യക്തമാവേണ്ടതുണ്ടെന്ന് -രാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News