Dr. John Brittas MP: സാമൂഹിക സൂചകങ്ങളുടെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിലാണ് കേരളം; ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തിന്റെ തനതായ സവിശേഷതകൾ തന്നെയാണ് എവിടെയും നമ്മെ വേറിട്ടുനിർത്തുന്നതെന്നും, സാമൂഹിക സൂചകങ്ങളുടെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിലാണ് കേരളമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി(dr. john brittas mp). ഫൊക്കാന(fokana) കൺവൻഷനിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തെ ഇനിയും സമൃദ്ധമാക്കാൻ ഫൊക്കാനയ്ക്ക് കഴിയട്ടെയെന്നും കേരളവും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ ഈ സംഘടന ഇനിയും ഒരുപാടുകൊല്ലം മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫൊക്കാന കൺവൻഷനിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ മുഖ പ്രസംഗം

കേരളവും പ്രവാസികളും തമ്മിൽ വലിയ ബന്ധമുണ്ട്. നമ്മുടെ സംസ്ഥാനം സാമ്പത്തികപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും നിലനിൽക്കുന്നതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് നിങ്ങളാണ്. കേരളത്തിന്റെ തനതായ സവിശേഷതകൾ തന്നെയാണ് എവിടെയും നമ്മെ വേറിട്ടുനിർത്തുന്നത്.

ഡോ.അമർത്ഥ്യ സെൻ പറഞ്ഞതുപോലെ ‘ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിക്കുന്ന ഒരു കൊച്ചുഭൂമി, അതാണ് കേരളം. സമ്പന്ന രാഷ്ട്രങ്ങളെക്കാൾ വരുമാനം വളരെ കുറവാണെങ്കില്പോലും സാമൂഹിക സൂചകങ്ങളുടെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിലാണ്‌ കേരളത്തിന്റെ സ്ഥാനം. സോഷ്യൽ ക്യാപിറ്റൽ അഥവാ സാമൂഹിക മൂലധനം,കറൻസി നോട്ടുകളുടെ കാര്യത്തിൽ സംസാരിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയെ ഗുജറാത്തോ ആകാം. പക്ഷേ,മാനുഷിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതാണ് യഥാർത്ഥ സമ്പത്ത് എന്ന് കരുതുന്നെങ്കിൽ കേരളത്തെയാണ് മുൻപന്തിയിൽ പ്രതിഷ്ഠിക്കാവുന്നത്.

ഓരോ പ്രതിസന്ധി ഘട്ടത്തിലും നമുക്ക് തുണയായി വരുന്നത്, ഈ സാമൂഹിക മൂലധനമാണ്.ഈ സാമൂഹിക മൂലധനത്തിന്റെ പ്രധാന ഘടകം എന്നുപറയുന്നത് നിങ്ങളെപ്പോലുള്ള ആളുകൾ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസസംസ്കാരമാണ്.നമ്മുടെ കേരളത്തിൽ വ്യത്യസ്ത മതങ്ങളുണ്ട്, ജാതികളുണ്ട്…പക്ഷേ,ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായിട്ട് സാഹോദര്യത്തോടെ തോളോടുതോളുരുമ്മി ജീവിക്കാൻ കഴിയുന്ന ഒരന്തരീക്ഷമാണ് നമുക്കുള്ളത്.

എത്രയോ ആൾക്കാർ കേരളത്തിൽ വന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്?കേരളത്തിന്റെ ഭൗതിക സാഹചര്യവും അടിസ്ഥാന വികസനവുമാകാം നിങ്ങളെപ്പോലുള്ളവരെ അലട്ടുന്ന വിഷയം.കേരളത്തിലെത്തുമ്പോൾ വലിയ കാറുകളിൽ സഞ്ചരിക്കുന്ന അമേരിക്കൻ മലയാളികളുടെ പ്രധാന പരാതി, അവരുടെ വാഹനത്തിന് അനുയോജ്യമായ റോഡുകൾ ഇല്ലെന്നുള്ളതാണ്. വഴിവക്കുകളിൽ നല്ല റെസ്റ്റ് റൂമുകളില്ല.വേഗതയിൽ പോകാൻ കഴിയുന്നില്ല. നമ്മളെല്ലാം സംയുക്തമായി ചേർന്ന് അനാവശ്യ വിവാദങ്ങളുണ്ടാക്കി കേരളത്തെ പിന്നോട്ടുവലിക്കുകയാണ്.

കേരളത്തിൽ ഒരു വികസനവും ഇനി നടക്കാൻ പോകുന്നില്ലെന്ന് തീരുമാനിച്ചുറപ്പിച്ച സമയത്താണ് റോഡിന്റെ വികസനം നടക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ വിഭവങ്ങൾ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറണം.കേരളത്തിന്റെ സാമൂഹിക സാഹചര്യത്തെ മാറ്റിയെടുക്കാൻ നിങ്ങളുടെ സംഭാവനകൾ വളരെയധികം സഹായിക്കും.കേരളത്തിലിപ്പോൾ ‘ലോക കേരള സഭ’ എന്നൊരു സംരംഭമുണ്ട്. ഫോമായിലെയും ഫൊക്കാനയിലെയും സാരഥികൾ അവിടെ എത്തിച്ചേർന്നിരുന്നു.ലോക കേരള സഭയെ ഏറ്റവും കൂടുതൽ അനുമോദിച്ച് സംസാരിച്ചത് ഫൊക്കാനയുടെ സാരഥികളാണ്.

വാസ്തവത്തിൽ പ്രവാസികളെ ഇങ്ങനെ ആദരിച്ചാൽ മതിയോ? നമ്മുടെ ‘decision making process’ ൽ പ്രവാസികൾക്ക് സ്ഥാനം വേണ്ടേ?നമുക്ക് പ്രവാസികളെ വേണം, അവരുടെ പണം വേണം.പക്ഷേ,തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രവാസികളെ വേണ്ട.പ്രവാസികൾ വന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചാൽ അത് വിവാദമാകും.കേരളത്തെ വിവാദങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിൽ ഞാനും കൂടി ഉൾപ്പെടുന്ന മാധ്യമപ്രവർത്തകർ ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.യഥാർത്ഥത്തിൽ, കേരളം ഇതല്ല അർഹിക്കുന്നത്.

കേരളത്തിന് ഒരുപക്ഷേ സാമ്പത്തികപരമായിട്ടും വളരെയധികം മുന്നേറാനുള്ള ഒരു സാഹചര്യം ഇവിടെ നിന്നുണ്ടാകും.അമേരിക്കയിലുള്ള ബില്യണെയർമാരുടെ കണക്കെടുത്താൽ, 2 ലക്ഷത്തിൽപരം മലയാളികൾ അതിലുണ്ടാകും.എന്തുകൊണ്ടാണിവർ നാട്ടിൽ പണം മുടക്കാത്തത്?ഇവരുടെ പണത്തിന്റെ ഒരു ഫ്രാക്ഷൻ കേരളത്തിൽ നിക്ഷേപിച്ചാൽ,സംസ്ഥാനത്തിന്റെ അവസ്ഥ എങ്ങനാകും?പ്രകൃതികൊണ്ടും സാമൂഹിക സൂചകങ്ങൾകൊണ്ടും സാഹോദര്യം കൊണ്ടും ഒക്കെ സമ്പന്നമായൊരു സംസ്ഥാനം ഇങ്ങനെ വിവാദങ്ങളുടെ പടുകുഴിയിൽ വീണുനിൽക്കാൻ പാടുണ്ടോ?
ജോൺ ബ്രിട്ടാസ് എന്നുള്ള എന്റെ പേര് സ്‌കൂൾ തലത്തിൽ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ചിലർ ‘പൊട്ടാസ്’ എന്നൊക്കെ വിളിക്കും. ഈ പേരിന്റെ ബഹുസ്വരത വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.ഇമിഗ്രെഷൻ ക്ലിയറൻസിന് നിൽക്കുമ്പോൾ,എന്റെയൊപ്പം മജീഷ്യൻ ഗോപിനാഥ് മുതുകാടും ഉണ്ടായിരുന്നു. ആദ്യ വിളിയെത്തി…’അലി’; അതെന്നെയാണെന്ന് ഞാൻ ഗോപിയോട് പറഞ്ഞു. രണ്ടാമത് ‘പിള്ളൈ’ എന്ന് വിളിച്ചപ്പോഴും എന്നെയാണെന്ന് ഞാൻ പറഞ്ഞു.

അവസാനം ജോൺ എന്നുകൂടി വിളിച്ചപ്പോഴാണ് ഉറപ്പോടെ ഞാൻ ചെന്നത്. ആലിലക്കുഴിയിൽ പൈലി ജോൺ ബ്രിട്ടാസ് എന്നാണെന്റെ പാസ്പോർട്ടിലെ പേര്.ഇതാണ് കേരളം എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.ജാതിക്കും മതത്തിനും അതീതമായിട്ടുള്ള സാഹോദര്യം നമ്മിലുണ്ട്.അത് സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും നമുക്കുണ്ട്.ജോസ് പറഞ്ഞതുപോലെ ഇവിടെ പൗരത്വമുള്ള നിങ്ങൾക്ക് അവിടെ എങ്ങനെ വോട്ടവകാശം നൽകാനാകുമെന്ന് എനിക്കറിയില്ല. ഇരട്ടപൗരത്വം രാജ്യം അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളുണ്ട്.

ആ പട്ടികയിലേക്ക് ഇന്ത്യയും മാറട്ടെ.എന്നിരുന്നാലും.’decision making’ ൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാകേണ്ടതുണ്ട്. ഫൊക്കാന പോലൊരു സംഘടന അമേരിക്കൻ മലയാളികളെ കേരളവുമായി വിളക്കിച്ചേർക്കുന്നതിൽ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്. പ്രവാസികൾ എന്നുപറയുമ്പോൾ ഞാൻ ആദ്യം മുതൽ കേൾക്കുന്നൊരു പേരാണ് ഫൊക്കാനയുടേത്.ആദ്യം മനസിലേക്ക് ഓടിയെത്തുന്നൊരു പേരുകൂടിയാണത്.

ഫൊക്കാനയുടെ ഈ കൺവൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.കേരളത്തെ ഇനിയും സമൃദ്ധമാക്കാൻ ഫൊക്കാനയ്ക്ക് കഴിയട്ടെ.കേരളവും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ ഈ സംഘടന,ഇനിയും ഒരുപാടുകൊല്ലം മുന്നോട്ടുപോകട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here