ശക്തമായ മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിടും

അതിശക്തമായ മഴയെ തുടര്‍ന്ന് ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീരുമാനിച്ചു. അപകടങ്ങളും മരണങ്ങളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിര്‍ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം.

തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഒമാനിലെ വിവിധ വാദികളിലും ബീച്ചുകളിലും അഞ്ചിലധികം ആളുകള്‍ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഇത്രയും പേര്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.

തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഉള്‍ഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിരവധിപ്പേരാണ് പെരുന്നാള്‍ അവധി പ്രമാണിച്ച് ഇത്തരം സ്ഥലങ്ങളില്‍ എത്തുന്നത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.

 ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News