Sreelekha : ഈ കാര്യങ്ങള്‍ സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല? ശ്രീലേഖക്കെതിരെ കാനം രാജേന്ദ്രന്‍

മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്ത് കൊണ്ട് പറഞ്ഞില്ല. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍.അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.

അതേസമയം മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് എടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും. സാമൂഹിക പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്‌ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കുറ്റകൃത്യം നടന്നിട്ട് കേസ് എടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റ്. പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നു. വനിത പൊലീസ് ഓഫീസര്‍ നടപടിയെടുത്തില്ല എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും പരാതിയിലുണ്ട്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐപിഎസ് വിവാദ ആരോപണങ്ങള്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ.

ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ പൾസർ സുനിയും ദിലീപും ജയിലിൽ കഴിയുന്ന സമയത്ത് ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ ഐ പി എസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പൂർണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ. അതേസമയം, ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റും കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു.

ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റ്. 2021ലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതല്‍ ജൂലൈ 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.

ദിലീപും ശ്രീലേഖയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റില്‍ വ്യക്തമാണ്. ഫ്രീ ആയിരിക്കുേേമ്പാള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുമുണ്ട്. സംസാരിക്കാന്‍ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്’ എന്ന് ദിലീപ് ഇതിന് മറുപടി നല്‍കിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here