Sitaram Yechury: പാർലമെന്റിലെ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാവിരുദ്ധം: സീതാറാം യെച്ചൂരി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് അനാച്ഛാദനം ചെയ്തത്. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി പറയുന്നു.

സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. വെങ്കലം കൊണ്ട് നിര്‍മിച്ച അശോകസ്തംഭത്തിന് 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം പുതിയ പാർലമെന്റ്‌ മന്ദിരത്തിലെ ദേശീയ ചിഹ്‌നം പ്രധാനമന്ത്രി അനാച്‌ഛാദനം ചെയ്‌തത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സിപിഐഎം(CPIM) പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന്‌ വിഭാഗങ്ങളായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേർതിരിച്ചിട്ടുണ്ട്‌. രാഷ്ട്രപതിയാണ്‌ പാർലമെന്റ്‌ വിളിച്ചുചേർക്കുന്നത്‌.

എക്‌സിക്യൂട്ടീവിന്റെ തലവനാണ്‌ പ്രധാനമന്ത്രി. നിയമങ്ങൾ നിർമ്മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന്‌ പ്രവർത്തിക്കാൻ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്‌. ഈ മൂന്ന്‌ വിഭാഗങ്ങൾക്ക്‌ ഭരണഘടന വേർതിരിച്ചു നൽകിയ അധികാരങ്ങളെ ഇകഴ്‌ത്തുകയാണ്‌ എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്‌തത്‌.

മാത്രമല്ല ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്‌തു. എല്ലാ ഇന്ത്യാക്കാർക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകിയിട്ടുണ്ട്‌. ഇത്‌ ഒഴിവാക്കാനാവാത്ത അവകാശമാണ്‌.

അതേസമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന്‌ ഭരണഘടന അസനിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയർത്തിപിടിക്കുമെന്നും അധികാരമേൽക്കുമ്പോൾ എടുത്ത സത്യപ്രതിജ്‌ഞ കർക്കശമായി പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണം–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News