Health; രാത്രികാല ചുമ വില്ലനാകുന്നുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ

ഈ മഴക്കാലത്ത് കഫക്കെട്ട് വരുന്നതും പനി വരുന്നതും സ്വാഭാവികമാണ്. എന്നാൽ ഇത് വന്നാലുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാല്‍, രാത്രിയില്‍ വരുന്ന കുത്തി കുത്തി ചുമയാണ്. ഇത് നമ്മളുടെ ഉറക്കത്തെ തന്നെ ഇല്ലാതാക്കും. ഇത്തരത്തില്‍ രാത്രിവരുന്ന ചുമ കുറയ്ക്കുവാനും എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

1. ഫാന്‍ ഇടാതിരിക്കുക

നമ്മളെ കൂടുതല്‍ വരണ്ടതാക്കുന്നതിനുമാത്രമാണ് ഫാന്‍ ഉപയകരിക്കൂ. അതുപോലെ, എസിയും. അതുകൊണ്ട് നിങ്ങള്‍ക്ക് കഫക്കെട്ട് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നല്ല ചുമയുണ്ടെങ്കില്‍ ഫാന്‍ പരമാവധി ഇടാതെ കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുക. കൂടെ കിടക്കുന്നവര്‍ക്ക് ഫാന്‍ അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ ഫാനിന്റഎ കാറ്റ് നേരിട്ട് കിട്ടാത്ത സ്ഥലത്തേയ്ക്ക് മാറി കിടക്കാവുന്നതാണ്. അല്ലെങ്കില്‍, എസിയാണ് വീട്ടിലെങ്കില്‍ ആ റൂമില്‍ നിന്നും മാറി കിടക്കുന്നത് നല്ലതായിരിക്കും.

അതുപോലെ തലയില്‍ തുണി കെട്ടി കിടക്കുന്നതും അല്ലെങ്കില്‍ തൊപ്പി വെച്ച് കിടക്കുകയും നന്നായി പുതച്ചും കിടക്കുന്നത് നല്ലതാണ്. ഇത് ശരീരതാപം നിലനിര്‍ത്തുന്നതിനും അതുപോലെ ശരീരം വരണ്ട് പോകാതെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുവാനും സഹായിക്കുന്നുണ്ട്.

2. ആവി പിടിക്കുക

ദിവസേന രണ്ട് നേരം ആവിപിടിക്കുന്നത് നല്ലതാണ്. ആവി പിടിക്കുന്നതിലൂടെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം ഇളകുന്നതിനും ഇത് പുറത്തേയ്ക്ക് പോകുന്നതിനും സഹായിക്കും. ആവി പിടിക്കുമ്പോള്‍ സാധാരണയായി എല്ലാവരും കാണിക്കുന്ന ഒരു തെറ്റാണ് എന്തെങ്കിലും ബാം വെള്ളത്തില്‍ ചേര്‍ക്കുന്നത്. സത്യത്തില്‍ ഇത്തരത്തില്‍ ചേര്‍ക്കുന്നതിലൂടെ കഫം പോകുവാന്‍ സഹായിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇത് കഫം ഉറച്ചിരിക്കുവാന്‍ കാരണമാകുന്നു.

ആവി പിടിക്കുകയാണെങ്കില്‍ കല്ലുപ്പ് ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ കരിഞ്ചീരകം ഇട്ട് ആവിപിടിക്കുന്നത് നല്ലതാണ്. വീട്ടില്‍ തുളസി ഉള്ളവരാണെങ്കില്‍ അത് ഒരു പിടി എടുത്ത് വെള്ളത്തിലിട്ട് ന്നായി തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ കഫം പുറത്തേയ്ക്ക് കളയുവാനും അതുപോലെ ചുമ കുറയ്ക്കുവാനും സഹായിക്കുന്നു.

3. വെള്ളം കവിള്‍കൊള്ളാം

ദിവസേന രണ്ട് നേരം ചൂടാവെള്ളം കൊണ്ട് കവിള് കൊള്ളുനന്ത് നല്ലതാണ്. ഇത് തൊണ്ട വേദന കുറയ്ക്കുന്നതിനും അതുപോലെ, കഫക്കെട്ടും ചുമയും കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന് നല്ല സുഖം നല്‍കുന്നതിനും അതുപോലെ നല്ല ഉറക്കം നല്‍കുന്നതിനും സഹായിക്കും. ഇത് അടുപ്പിച്ച് കുറച്ച് ദിവസം ചെയ്യുന്നത് നല്ലതാണ്.

4. ചൂടുവെള്ളത്തില്‍ കുളിക്കുക

നിങ്ങള്‍ കുളിക്കുവാന്‍ ഏത് വെള്ളമാണ് എടുക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തില്‍ നല്ലരീതിയില്‍ കഫക്കെട്ട് വന്നിരിക്കുന്ന സമയത്ത് പരമാവധി ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. ഇത് ശരീര താപനില നിലനിര്‍ത്തുന്നതിനും ശരീരത്തിന് നല്ല സുഖം ലഭിക്കുന്നതിനും സഹായിക്കും. അതുപോലെ, കഫം ഇളകി പോരുവാനും സഹായിക്കും.

ശരീരത്തില്‍ തണുപ്പ് തട്ടും തോറും കഫം ഉറഞ്ഞുപോവുകയും ചുമ മാറുവാന്‍ സമയം എടുക്കുകയും ചെയ്യും. അതിനാല്‍, തണുപ്പ് തട്ടുന്ന കാര്യങ്ങള്‍ എല്ലായ്‌പ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്.

5. പുകവലി ഒഴിവാക്കുക

നല്ല ചുമയുള്ള സമയത്ത് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. മൊത്തത്തില്‍ പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. പുകവലിക്കുന്നവരില്‍ ഇടയ്ക്കിടയ്ക്ക് ചുമവരുന്നത് സര്‍വ്വസാധാരണമാണ്. ഇത് ശ്വാസകോശത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും അതുപോലെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് നല്ലതാണ്.

6. കൃത്യമായി മരുന്ന് കഴിക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍, എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നതിലൂടെ ശരീരത്തിനും അതുപോലെ, ചുമയ്ക്കും നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും. വേണമെങ്കില്‍, വീട്ടില്‍ ആടലോടകം ഉണ്ടെങ്കില്‍ അത് നീര് പിഴിഞ്ഞ് കുടിക്കുന്നത് ചുമ മാറുവാന്‍ സഹായിക്കും. അതുപോലെ, തുളസിയും പനിക്കൂര്‍ക്കയും അരച്ച് നീരെടുത്ത് കുടിക്കുന്നതും നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News