Maharashtra Rain: മഹാരാഷ്ട്രയിലെ മഴക്കെടുതി: അഞ്ച് ജില്ലകള്‍ക്ക് ‘റെഡ്’ അലര്‍ട്ട്, മുംബൈയില്‍ ‘ഓറഞ്ച്’

മഹാരാഷ്ട്രയുടെ(Maharashtra) കിഴക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക്(heavy rain) സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കോലാപ്പൂര്‍, പാല്‍ഘര്‍, നാസിക്, പൂനെ, രത്നഗിരി ജില്ലകളില്‍ ജൂലൈ 14 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മൊത്തം 76 പേര്‍ മരിക്കുകയും 838 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇടിമിന്നല്‍, മണ്ണിടിച്ചില്‍, കൂടാതെ മരങ്ങള്‍ കട പുഴകി വീണുമാണ് മരണം സംഭവിച്ചത്. 125ഓളം കന്നു കാലികളും ചത്തതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു.

ഗഡ്ചിരോളി ജില്ലയില്‍ മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തിയായി തുടരുന്ന മഴയില്‍ നാസിക് ജില്ലയിലെ നിരവധി നദികളിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മിതമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാസിക് ജില്ലയില്‍ കനത്ത മഴ തുടരുകയും പല നദികളിലെ ജലനിരപ്പ് ഉയരുകയും ഗോദാവരി നദിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.

കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ ഒഴുകിപ്പോയെന്നും അവരുടെ മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്തതായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് (ഡിഐഒ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് 129 സ്ഥലങ്ങളില്‍ നിന്നായി 353 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here